ചെന്നൈ: അന്തരിച്ച നടന്‍ ശിവാജി ഗണേശന്റെ വീടിന്റെ ഒരു ഭാഗം കണ്ടുകെട്ടാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നടന്റെ കൊച്ചുമകന്‍ ദുഷ്യന്ത് രാംകുമാറും പങ്കാളി അഭിരാമിയും പ്രതികളായ പണമിടപാട് കേസിലാണ് നടപടി. ശിവാജി ഗണേശന്റെ അണ്ണൈ ഇല്ലത്തിന്റെ ഒരു ഭാഗം കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്.
ദുഷ്യന്തിന്റെ അച്ഛനും ശിവാജിയുടെ മകനുമായ രാംകുമാറിന് കുടുംബ ഓഹരിയായി ലഭിച്ച ടി നഗറിലുള്ള വീടിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനാണ് ഉത്തരവ്. ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസിന്റേതാണ് നടപടി.
സിനിമാ നിര്‍മിക്കുന്നതിനായി ധനഭാഗ്യം എന്റര്‍പ്രൈസസില്‍ നിന്ന് 3.75 കോടി രൂപ ദുഷ്യന്ത് കടമെടുത്തിരുന്നു. ജഗജാല കിലാഡി എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് 30 ശതമാനം വാര്‍ഷിക പലിശയ്ക്ക് ദുഷ്യന്ത് കടമെടുത്തത്. 2017ലാണ് സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍ വായ്പ തിരിച്ചടക്കാതെ വന്നതോടെ ധനഭാഗ്യം എന്റര്‍പ്രൈസസ് ഉടമ അക്ഷയ് സരിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വായ്പയുമായി ബന്ധപ്പെട്ട കരാറില്‍ രാംകുമാറും ഒപ്പുവെച്ചിട്ടുണ്ട്.
ഇക്കാലത്താണ് ടി നഗറിലുള്ള വീടിന് നേരെ നടപടിയുണ്ടായത്. ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി ആര്‍ബിട്രേറ്ററെ നിയമിച്ചിരുന്നു. തുടര്‍ന്ന് ഇരുകക്ഷികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
പിന്നാലെ 2023 ജൂലൈ 31 വരെയുള്ള പലിശയും മുതലും അടക്കം 9.02 കോടി രൂപ ദുഷ്യന്ത് കൈമാറണമെന്ന് ആര്‍ബിട്രേറ്റര്‍ ഉത്തരവിടുകയും ചെയ്തു. പണം നല്‍കാന്‍ വൈകിയാല്‍ 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതിനിടെ 2.75 കോടി രൂപ മാത്രം ഒറ്റത്തവണയായി നല്‍കാമെന്ന് നടന്റെ കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ കമ്പനി ആവശ്യപ്പെട്ടത് മുതലായ 3.74 കോടി രൂപ ഉള്‍പ്പെടെ 9.39 കോടി രൂപ കൈമാറണമെന്നാണ്.
Content Highlight: Portion of Sivaji Ganesan’s bungalow to be attached