| Saturday, 17th August 2024, 4:22 pm

വീണ്ടും തകർന്നു; ബീഹാറിൽ 1,710 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലം തകർന്ന് വീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിൽ 1,710 കോടി രൂപ ചെലവഴിച്ച് നിർമിച്ചുകൊണ്ടിരിക്കുന്ന പാലം തകർന്ന് വീണതായി റിപ്പോർട്ട്. ഭഗൽപൂരിലെ സുൽത്താൻഗഞ്ചിനെ ഖഗാരിയയുമായി ബന്ധിപ്പിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗമാണ് തകർന്നത്. 3 .16 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ ഖഗാരിയയിലുള്ള ഭാഗമാണ് കഴിഞ്ഞ ദിവസം തകർന്നത്. ജൂണിന് ശേഷം ബീഹാറിൽ നടക്കുന്ന പതിനാറാമത്തെ പാലം തകർച്ചയാണിത്.

2014 മുതൽ നിർമിച്ച് കൊണ്ടിരിക്കുന്ന പാലം 14 മാസത്തിനുള്ളിൽ രണ്ടുതവണയാണ് തകർന്നത്. 2022 ഏപ്രിലിൽ പാലത്തിന്റെ പില്ലറുകൾ തകർന്നിരുന്നു. മോശം നിർമാണ സാമഗ്രികളുടെ ഉപയോഗമാണ് പാലം തകർന്നതിന് കാരണമായതെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.

പാലം തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവാദികളെ കണ്ടെത്തി അവർക്കെതിരെ കർശന നടപടിയെടുക്കാൻ അദ്ദേഹം സംസ്ഥാന റോഡ് നിർമാണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രത്യയ അമൃതിനോട് ആവശ്യപ്പെട്ടു.

2014 ഫെബ്രുവരി 23ന് പാലത്തിന്റെ തറക്കല്ലിട്ടത് നിതീഷ് കുമാർ തന്നെ ആയിരുന്നു. 2020 മാർച്ചോടെ പാലം പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൂർത്തീകരണം മൂന്ന് വർഷത്തിലേറെ വൈകി. ഇപ്പോൾ നടന്ന സംഭവം ഭഗൽപൂരിലെയും ഖഗാരിയയിലെയും ജനങ്ങൾക്കും സർക്കാരിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. 2014ൽ നിർമാണം തുടങ്ങിയെങ്കിലും ഇതുവരെയും പാലത്തിന്റെ 45 ശതമാനം മാത്രമാണ് പൂർത്തിയായത്.

എസ്.പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പാലം പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ ഭഗൽപൂരിലെ വിക്രമശില സേതുവിന് സമാന്തരമായി പാലം നിർമിക്കാനും കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബീഹാറിൽ ഈ വർഷം തകരുന്ന പതിനാറാമത്തെ പാലമാണിത്. വർധിച്ച് വരുന്ന പാലം തകർച്ചകളിൽ ആശങ്ക ഉയർന്നതോടെ നിതീഷ് കുമാർ സർക്കാർ ഈ വർഷം ആദ്യം 15 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബീഹാറിൽ നിർമാണത്തിലിരിക്കുന്ന മൂന്ന് പ്രധാന പാലങ്ങളും മറ്റ് നിരവധി പാലം തകർച്ചകളും ഉണ്ടായതിനാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര പരിഗണന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ ബ്രജേഷ് സിങ് പൊതുതാത്പര്യ ഹരജി സമർപ്പിച്ചിരുന്നു.

തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അവലോകന യോഗം നടത്തുകയും ശേഷം സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളും സർവേ ചെയ്യാനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

ബീഹാറിലെ പാലങ്ങളുടെ അറ്റകുറ്റപ്പണി നയങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു.

Content Highlight: Portion of mega 1,700 crore bridge collapses in Bihar’s Bhagalpur

We use cookies to give you the best possible experience. Learn more