ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളുടെ തലസ്ഥാനമായ പോര്‍ട്‌ബ്ലെയറിനെ ശ്രീ വിജയപുരം എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെള്ളിയാഴ്ച എക്‌സ് വഴിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതായി അമിത് ഷാ അറിയിച്ചത്. കൊളോണിയല്‍ മുദ്രകളില്‍ നിന്ന് രാജ്യത്തെ മുക്തമാക്കുക എന്ന നരേന്ദ്രമോദിയുടെ നിലപാടിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് അമിത് ഷാ അറിയിച്ചിരിക്കുന്നത്.
പോര്‍ട്‌ബ്ലെയര്‍ എന്ന നിലവിലുള്ള പേര് കൊളോണിയല്‍ പാരമ്പര്യമുള്ളതാണെന്നും എന്നാല്‍ ശ്രീ വിജയപുരം എന്ന പുതിയ പേര് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ വഹിച്ച പങ്കിനെ സൂചിപ്പിക്കുന്നതുമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ പങ്കാണുള്ളതെന്നും ഒരു കാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായിരുന്ന ഈ പ്രദേശം ഇന്ന് ഇന്ത്യയുടെ തന്ത്രപ്രധാനമായ ഇടമാണെന്നും അമിത് ഷാ പറയുന്നു.
സുഭാഷ് ചന്ദ്രബോസിന്റെ പതാകയുടെ ആദ്യ അവതരണം നടന്നതും ആന്‍ഡമാനിലായിരുന്നു എന്നും അമിത് ഷാ പറയുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ക്കൊപ്പം സവര്‍ക്കര്‍ കിടന്ന സെല്ലുലാര്‍ ജയിലും ആന്‍ഡമാനിലാണ് ഉള്ളതെന്നും അമിത് ഷാ പറയുന്നു. (ഈ ജയിലിലായിരുന്നു സവര്‍ക്കര്‍ ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചതും പിന്നീട് ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ച് കത്തെഴുതിയതുമായ സംഭവങ്ങള്‍ നടന്നത്)
അതേസമയം കേന്ദ്രഭരണ പ്രദേശമായ നിക്കോബാര്‍ ദ്വീപുകളില്‍ 72000 കോടി രൂപയുടെ വികസനപദ്ധതികള്‍ കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷോമ്പെന്‍ ഗോത്രവര്‍ഗക്കാര്‍ താമസിച്ചിരുന്ന ദ്വീപുകളില്‍ ടൂറിസം വികസനത്തിനായുള്ള പദ്ധതിയാണിത്. ഈ ദ്വീപുകളില്‍ ഇപ്പോള്‍ ആള്‍താമസമില്ലെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
2004ലുണ്ടായ സുനാമിയെ തുടര്‍ന്ന് ഷോമ്പെന്‍ ഗോത്രവര്‍ഗക്കാര്‍ കാടുകളിലേക്ക് നീങ്ങിയിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ പദ്ധതി ഗോത്രവര്‍ക്കാരെ മാറ്റിത്താമസിപ്പിച്ച് ദ്വീപുകള്‍ പൂര്‍ണമായും ടൂറിസത്തിന് ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.