കാളിയെ പോണ്‍സ്റ്റാറിനെപ്പോലെയാക്കി: യു.എസ് കമ്പനിയ്‌ക്കെതിരെ ഹിന്ദുസംഘടനകള്‍
India
കാളിയെ പോണ്‍സ്റ്റാറിനെപ്പോലെയാക്കി: യു.എസ് കമ്പനിയ്‌ക്കെതിരെ ഹിന്ദുസംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2012, 12:06 pm

ന്യൂദല്‍ഹി: ഹിന്ദു ദേവത കാളിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് യു.എസ് കമ്പനിയ്‌ക്കെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കാളിയെ മോശമായി ചിത്രീകരിച്ച് ഹി -റെസ് കമ്പനി എന്ന പുറത്തിറക്കിയ ഓണ്‍ലൈന്‍ ഗെയിം എസ്.എം.ഐ.ടി.ഇ യാണ് പ്രതിഷേധത്തിനിടയാക്കിയത്.

[]

ഹിന്ദു ദേവത കാളിയെ ഗെയിമില്‍ വളരെ മോശമായാണ് ചിത്രീകരിച്ചതെന്നാണ് ഹിന്ദുസംഘടനകളുടെ ആരോപണം. മല്ലടിക്കുന്ന ഒരു അശ്ലീല താരത്തെപ്പോലെയാണ് കാളിയെ കാണിച്ചിരിക്കുന്നതെന്ന്  ഹിന്ദു ജാഗ്രതി മാഞ്ച് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഹിന്ദുക്കള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ദേവതയാണ് കാളിമാത. ലക്ഷക്കണക്കിന്‌ ഹിന്ദുക്കള്‍ കാളിയെ ആരാധിക്കുന്നു. ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് തുല്യമാണിത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല ഹിന്ദു ദേവതകളെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

ഹിന്ദു ദേവതകളെ ഈ ഗെയിമില്‍ നിന്നും ഒഴിവാക്കണമെന്ന് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ പ്രസിഡന്റ് രാജന്‍ സേദ് പറഞ്ഞു. “പോണോഗ്രാഫിക് സ്റ്റൈല്‍” എന്നാണ് ഗെയിമിലെ കാളിരൂപത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വീഡിയോ ഗെയിം നിര്‍മാതാക്കള്‍ കുറേക്കൂടി ശ്രദ്ധിക്കണമെന്നും സേദ് പറഞ്ഞു. ഹിന്ദുയിസത്തെക്കുറിച്ച് കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ തെറ്റിദ്ധാരണകള്‍ വളര്‍ത്താന്‍ ഇത്തരം ഗെയിമുകള്‍ ഇടയാക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ഹിന്ദുമതത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ടെന്നും സേദ് പറഞ്ഞു.

പ്രതിഷേധിക്കുന്ന ഹിന്ദുക്കള്‍ക്ക് പിന്തുണയുമായി കത്തോലിക്കരും ജൂതന്‍മാരും ബുദ്ധന്മാരും രംഗത്തെത്തിയിട്ടുണ്ട്. യു.എസ്.എയിലെ പ്രശസ്ത റോമന്‍ കത്തോലിക് നേതാവ് നെവേദ,ഫാദര്‍ ചാള്‍സ് ടി. ഡുറെന്റ്, ജൂത നേതാവ് റാബി എലിസബത്ത് ഡബ്ല്യൂ ബെയര്‍ തുടങ്ങിയവര്‍ ഹി -റെസ് സ്റ്റുഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാളിയെ മോശമായി ചിത്രീകരിച്ച കമ്പനിയുടെ നടപടിയെ അപമാനകരം എന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്.