തൃശ്ശൂര്‍: ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം അറിയാനെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളിലും വാട്ട്‌സാപ്പിലും അശ്ലീല വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ പ്രചരിച്ചു. പരീക്ഷാഫലം വരുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് വ്യാജ വെബ്‌സൈറ്റ് ലിങ്കുകള്‍ പ്രചരിച്ചത്.
കേരളപരീക്ഷാ ഭവന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച വെബ്‌സൈറ്റിന്റെ ലിങ്കും ഒപ്പം ചേര്‍ത്തിരുന്നു. സ്‌പെല്ലിങ്ങില്‍ ചെറിയ മാറ്റം വരുത്തി പ്രചരിപ്പിച്ചതിനാല്‍ ഒറ്റ നോട്ടത്തില്‍ വ്യാജമാണെന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല.
അധ്യാപകരടക്കം ലിങ്കുകള്‍ രക്ഷിതാക്കള്‍ക്ക് അയക്കുകയും പലരും വാട്ട്‌സാപ്പ് സ്റ്റാറ്റ്‌സുകളായും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബുധനാഴ്ച ഫലപ്രഖ്യാപനത്തിന് ശേഷം ലിങ്കില്‍ കയറിയപ്പോഴാണ് യഥാര്‍ത്ഥ ലിങ്ക് അല്ല ലഭിച്ചതെന്ന കാര്യം മനസ്സിലാവുന്നത്. സംഭവം പ്രശ്‌നമായതോടെ പല രക്ഷിതാക്കളും ലിങ്ക് പങ്കുവെച്ച തങ്ങളെ വിളിച്ച് പരാതിപ്പെട്ടതായി അധ്യാപകര്‍ വ്യക്തമാക്കി.
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സമയത്തും ഇതേപൊലെ തട്ടിപ്പ് നടന്നിരുന്നതായി സൈബര്‍ ഡോം വ്യക്തമാക്കി.
85.13 ശതമാനമാണ് ഇത്തവണത്തെ ഹയര്‍സെക്കണ്ടറിയുടെ വിജയശതമാനം. വിജയത്തില്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 0.8 ശതമാനം വര്‍ധനവുണ്ടായി.