യശ്ശ:ശരീരനായ സംവിധായകൻ സിദ്ദിഖിന്റെ നിർമാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും നിർമിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്. പ്രിയ ഗുരുനാഥന് പ്രണാമം അർപ്പിച്ചു കൊണ്ടാണ് സംവിധായകൻ നൗഷാദ് സാഫ്രോൺ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയുമാണ് പോസ്റ്ററിൽ ഉള്ളത് കൂടെ കൂട്ടിന് ഒരു പശുവും. പശുവുമായി ബന്ധപ്പെട്ടുള്ള എന്തോ ഒരു കാര്യം ഇവർക്കിടയിൽ ഉണ്ട് എന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ.
കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൽ സൈജു കുറുപ്പ് നായകനായി എത്തുന്നു. ചിത്രം നിർമിക്കുന്നത് വിജയൻ പള്ളിക്കരയാണ്. സിദ്ദിഖിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, രാഹുൽ മാധവ്, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ചിത്ര നായർ, ജിജിന രാധാകൃഷ്ണൻ, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിലുണ്ട്. മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :നാസർ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുൽ രാജ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രൻ, ചമയം: ലിബിൻ മോഹൻ, കല: സുജിത് രാഘവ്, പി.ആർ.ഓ : മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനിൽ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം: കെ.ജി.രാജേഷ് കുമാർ, നിർമാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, സ്റ്റിൽസ് :രാംദാസ് മാത്തൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ പ്രസൂൽ അമ്പലത്തറ.
Content Highlight: Porattunadakam movie’s first look poster out