'ജാതി ഉന്മൂലനം' വാങ്ങിയതിന്റെ വൈക്ലഭ്യ ഭാവം തമ്പ്രാന്റെ മുഖത്ത് കാണാനുണ്ട്: പോരാളി ഷാജി
Kerala News
'ജാതി ഉന്മൂലനം' വാങ്ങിയതിന്റെ വൈക്ലഭ്യ ഭാവം തമ്പ്രാന്റെ മുഖത്ത് കാണാനുണ്ട്: പോരാളി ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2024, 8:19 pm

കോഴിക്കോട്: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ ഡോ. ബി.ആര്‍. അംബേദ്ക്കറുടെ ‘ജാതി ഉന്മൂലനം’ സമ്മാനിച്ചതില്‍ പ്രതികരിച്ച് പോരാളി ഷാജി. അംബേദ്ക്കറുടെ ജാതി ഉന്മൂലനം കൈപ്പറ്റിയതിന്റെ വൈക്ലഭ്യ ഭാവം തമ്പ്രാന്റെ മുഖത്ത് കാണാനുണ്ടെന്നാണ് പോരാളി ഷാജി പ്രതികരിച്ചത്.

‘അപ്പോള്‍ അടുത്ത ജന്മത്തില്‍ പൂണുലിട്ട ബ്രാഹ്‌മണനായി ജനിക്കാന്‍ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയ്ക്ക് ഈ ജന്മത്തില്‍ തന്നെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ജാതി ഉന്മൂലനം കൊടുത്തിട്ടുണ്ട്. കൈപ്പറ്റിയതിന്റെ വൈക്ലഭ്യ ഭാവം തമ്പ്രാന്റെ മുഖത്ത് കാണാവുന്നതാണ്,’ എന്നാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ കുറിച്ചത്.

ക്യാമ്പസില്‍ ബി.ആര്‍. അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചതിനെ തുടര്‍ന്ന് നടന്ന പരിപാടിയിലായിരുന്നു യൂണിയന്‍ കേന്ദ്രസഹമന്ത്രിക്ക് പുസ്തകം നല്‍കിയത്.

വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിദ്ധീകരണശാലയായ പൊളേറ്ററിയന്‍ പ്രസ് പുന:പ്രസിദ്ധീകരിച്ച പുസ്തകമാണ് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ സുരേഷ് ഗോപി കൈപ്പറ്റിയത്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് സുരേഷ് ഗോപി കൊല്‍ക്കത്ത ക്യാമ്പസിലെത്തുന്നത്. സുരേഷ് ഗോപിയെ ചെയര്‍മാനായി നിയോഗിക്കുന്നതിനെതിരെ രൂക്ഷമായ വിദ്യാര്‍ത്ഥി പ്രക്ഷോഭംക്യാമ്പസില്‍ ഉടലെടുത്തിരുന്നു.

സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ യൂണിയനും കേന്ദ്രമന്ത്രിക്കെതിരെ പ്രസ്താവന പുറത്തിറക്കിയിരുന്നു.

ചരിത്ര സമ്പന്നമായ സ്ഥാപനത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപിയെ നിയമിക്കുന്നത് ആശങ്കാജനകമാണെന്നായിരുന്നു യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

സുരേഷ് ഗോപിയ്ക്ക് വിദ്യാര്‍ത്ഥികള്‍ ജാതി ഉന്മൂലനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍ യൂണിയന്റെ നീക്കത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്നും അഭിസംബോധന ചെയ്തുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

ജാതി ഉന്മൂലനം നിവര്‍ത്തിയില്ലാതെ വാങ്ങേണ്ടി വരുന്ന അവസ്ഥ ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്, പുസ്തകം നല്‍കിയതിന്റെ ഉദ്ദേശം മനസിലാക്കിയാല്‍ മതിയായിരുന്നു, വിദ്യാര്‍ത്ഥി യൂണിയന് ഒരു കുതിര്‍പ്പവന്‍, വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ബോധം ഇല്ലെന്ന് ആരാണ് പറഞ്ഞത് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വിദ്യാർത്ഥികളുടെ നീക്കത്തിലുയരുന്നത്. ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഡൂള്‍ ന്യൂസിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഉള്‍പ്പെടെ ആളുകള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നുണ്ട്.

Content Highlight: Porali Shaji reacts to Satyajit Ray Film Institute Student Union gifted ‘Annihilation of Caste’ to Suresh Gopi