| Wednesday, 12th June 2024, 9:59 pm

എട്ടുനിലയില്‍ പൊട്ടിയത് അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ചതുകൊണ്ട്: പോരാളി ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടത് അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് കാരണം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്ന് പോരാളി ഷാജി പറഞ്ഞു. ഇടതുമുന്നണി തോല്‍ക്കാന്‍ പോരാളി ഷാജിയോ ഗ്രൂപ്പോ കാരണക്കാരല്ലെന്നും പോസ്റ്റില്‍ പറയുന്നു.

ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ആരും വോട്ട് ചെയ്യില്ല. ജനം എല്ലാം കണ്ടതുകൊണ്ടാണ് ഇടതുമുന്നണി 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയതെന്നും പോരാളി ഷാജി പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോല്‍ക്കാനുള്ള 19 കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് പോരാളി ഷാജിയുടെ ഈ പോസ്റ്റ്.


തങ്ങള്‍ ആരുടേയും പൈസ വാങ്ങിയിട്ടുമില്ല വാങ്ങുകയുമില്ല, പൈസ വാങ്ങി കുനിഞ്ഞ് നില്‍ക്കാന്‍ തങ്ങള്‍ക്ക് ബിനാമി ബിസിനസൊന്നും ഇല്ലെന്നുമായിരുന്നു പോരാളി ഷാജിയുടെ മറുപടി.

സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുക എന്നത് പോരാളി ഷാജി പേജിന്റെ ശൈലിയല്ല. ഇത്തരം സൈബര്‍ അക്രമം നടത്തുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട മുഖമുള്ള ഒരുവിഭാഗം അണികളാണ്. ഇത് മറുപടി അല്ല ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഇടത് അനുകൂലി ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും പോരാളി ഷാജി പോസ്റ്റില്‍ വ്യക്തമാക്കി.

ആറ് മാസത്തോളം മുടങ്ങി കിടന്ന പെന്‍ഷന്‍, സപ്ലൈകോയിലെ സാധനങ്ങളുടെ കുറവ്, കെട്ടിട പെര്‍മിറ്റ് ഫീസിലെ കുത്തനെയുള്ള വര്‍ധന, പി.എസ്.സി റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സമരം, നവകേരള സദസിലുണ്ടായ പ്രതിഷേധവും പൊലീസ് നരനായാട്ടും, നവകേരള യാത്ര, കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ലഭ്യതക്കുറവ്, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് തുടങ്ങിയ 19 വിഷയങ്ങളാണ് ഇടതിന്റെ തോല്‍വിക്കുള്ള കാരണങ്ങളായി പോരാളി ഷാജി ചൂണ്ടിക്കാട്ടിയത്

പെന്‍ഷന്‍ വാങ്ങുന്നവനും സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവനുമാണ് നമ്മുടെ വോട്ടേഴ്‌സ് എന്ന് എന്തുകൊണ്ട് നിങ്ങള്‍ക്ക് മനസിലായില്ലെന്നും പോരാളി ഷാജി ചോദിച്ചു. ബംഗാളിലെ ഭരണ തുടര്‍ച്ച ആസ്വദിച്ച് മണിമാളികളില്‍ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ പഴയ കഥകളൊക്കെ മൊഴിമാറ്റം നടത്തി അറിയുന്നത് നല്ലതാണെന്നും പോരാളി ഷാജി ഓര്‍മിപ്പിച്ചു.

Content Highlight: Porali Shaji criticizes LDF

We use cookies to give you the best possible experience. Learn more