| Friday, 10th March 2023, 10:55 am

കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് മര്യാദക്ക് വൈദ്യുതി നല്‍കാത്തത് കൊണ്ടാണ് രാജ്യത്തെ ജനസംഖ്യ കൂടിയത്: കേന്ദ്ര മന്ത്രി പ്രഹ്‌ലാദ് ജോഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തിനെതിരെ ബി.ജെ.പി നേതാവും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ പ്രഹ്‌ലാദ് ജോഷി. ഭരിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് വൈദ്യുതി നല്‍കിയിരുന്നില്ലെന്നും ഇതിന്റെ ഫലമായാണ് രാജ്യത്തെ ജനസംഖ്യാ നിരക്ക് ക്രമാതീതമായി ഉയര്‍ന്നതെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

കര്‍ണാടകയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു കേന്ദ്ര മന്ത്രി പ്രഹ്‌ലാദ് ജോഷിയുടെ ചോദ്യം.

‘ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് അവര്‍ സംസ്ഥാനത്ത് സൗജന്യ വൈദ്യുതി നല്‍കുമെന്നാണ്. കോണ്‍ഗ്രസ് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അവര്‍ ഭരിച്ചിരുന്ന കാലത്ത് വൈദ്യുതി നല്‍കിയിട്ടില്ല. അക്കാലത്ത് ഗ്രാമങ്ങളില്‍ വൈദ്യുതി എന്ന സംവിധാനം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാന്‍ തുടങ്ങി.

അന്ന് കോണ്‍ഗ്രസ് വൈദ്യുതി നല്‍കാതിരുന്നതിന്റെ ഫലമാണ് രാജ്യത്ത് ഇന്ന് കാണുന്ന ഉയര്‍ന്ന ജനസംഖ്യാ നിരക്ക്,’ പ്രഹ്‌ലാദ് ജോഷി പറയുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രജധ്വനി ബസ് യാത്രക്കിടെയായിരുന്നു കോണ്‍ഗ്രസിന്റെ സൗജന്യ വൈദ്യുതി പരാമര്‍ശം. ഗൃഹ ജ്യോതി യോജന എന്നാണ് പദ്ധതിക്ക് കോണ്‍ഗ്രസ് നല്‍കിയ പേര്. ദളിതര്‍ക്കോ പിന്നാക്കവിഭാഗങ്ങള്‍ക്കോ മാത്രമല്ല ജാതി-മത വിവേചനമില്ലാതെ എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

അതേസമയം മേയിലായിരിക്കും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് റാലികളും മറ്റ് പരിപാടികളും ശക്തമാക്കുകയാണ് ഇരു പാര്‍ട്ടികളും.

Content Highlight: Population surged under Congress due to less power supply: Union minister Prahlad Joshi in Karnataka

We use cookies to give you the best possible experience. Learn more