ദല്‍ഹി നമ്മുടെ തലസ്ഥാനമാണ്; പക്ഷെ തലചായ്ക്കാനൊരു കൂരയില്ലാതെ ഇവര്‍ അവിടെ ജീവിക്കുന്നു
Daily News
ദല്‍ഹി നമ്മുടെ തലസ്ഥാനമാണ്; പക്ഷെ തലചായ്ക്കാനൊരു കൂരയില്ലാതെ ഇവര്‍ അവിടെ ജീവിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd February 2015, 11:54 am

POvertyന്യൂദല്‍ഹി:കുടിയേറ്റമാണ് ദല്‍ഹിയുടെ ജനസംഖ്യയെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകം. അതുകൊണ്ടുതന്നെ കുടിയേറിവന്ന ഈ ജനങ്ങള്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ക്കും ഈ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ പ്രാധാന്യമുണ്ട്. മെച്ചപ്പെട്ട ജീവിതം തേടി ഇവിടെ സ്ഥിരതാമസമാക്കിയവര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും കുടിയേറിയെത്തിയവര്‍ ഇവിടുണ്ട്. ഇങ്ങനെ കുടിയേറിയെത്തിയവരില്‍ വലിയൊരു വിഭാഗം ദരിദ്രരാണ്. കേറിക്കിടക്കാന്‍ ഇടമില്ലാത്തവര്‍, കുടിവെള്ളവും, ഭക്ഷണവും, കിട്ടാത്തവര്‍ അങ്ങനെ നിരവധി ആളുകള്‍, കുടുംബങ്ങള്‍.

ജനസംഖ്യയിലെ വലിയൊരു വിഭാഗം കുടിയേറ്റക്കാരാണെന്നതുകൊണ്ടു തന്നെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വാഗ്ദാനങ്ങളുടെ മുഖ്യ കേന്ദ്രവും ദല്‍ഹിയിലെ കുടിയേറ്റക്കാരുടെ പാര്‍പ്പിട പ്രശ്‌നങ്ങളും ദാരിദ്ര്യവും തന്നെയാണ്.

ദല്‍ഹിയിലെ ജനസംഖ്യയില്‍ 1951 മുതലുള്ള ദശകങ്ങളിലെ ശരാശരി ജനസംഖ്യാ വളര്‍ച്ച 45.8 ശതമാനമായിരുന്നു, 21 ശതമാനം വളര്‍ച്ചയുണ്ടായ 2001-2011 ഒഴികെ എല്ലാ ദശാകത്തിലും 45 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ഇത് കഴിഞ്ഞ ദശകങ്ങളിലെ ശരാശരി ദേശീയ ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ വളരെ കൂടുതലാണ്.

ദല്‍ഹിയിലെ ജനസംഖ്യയുടെ വളര്‍ച്ചയുടെ 23 ശതമാനത്തിലധികം കുടിയേറ്റത്തിലൂടെയാണെന്നുള്ളതാണ് ഇതിലെ പ്രധാന വസ്തുത. കുടിയേറ്റം ഇല്ലായിരുന്നെങ്കില്‍ ദല്‍ഹിയിലെ ജനസംഖ്യാനിരക്കില്‍ ദേശീയ ജനസംഖ്യ ശരാശരിയി നിന്നും 17.64 ശതമാനത്തോളം കുറവാണുണ്ടാവുക.

2001 ലെ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് ദല്‍ഹി കുടിയേറ്റക്കാരില്‍ പകുതിയോളം (47) ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. 2001ല്‍ ബീഹാറില്‍ നിന്നും 31 ശതമാനത്തോളം ആളുകളും ദല്‍ഹിയിലുണ്ട്. വ്യക്തമായി പറഞ്ഞാല്‍ പഞ്ചാബി കുടിയേറ്റക്കാരുടെ നഗരമെന്നനിലയില്‍ നിന്നും ക്രമാനുഗതമായി ഹിന്ദി ഹൃദയഭൂവില്‍ നിന്നുമുള്ളവരുടെ ഒരു സംഗമ കേന്ദ്രമായി മാറുകയാണ് ദല്‍ഹി.

delhiഇത് നഗരത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ദല്‍ഹിയില്‍ ബീഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ 63 ശതമാനവും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ 46 ശതമാനവ ദരിദ്രരാണ് എന്നാണ് 2013 ല്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരുവശത്ത് സമ്പത്ത് വര്‍ധിക്കുമ്പോള്‍ മറുവശത്ത് അസമത്വവും വര്‍ധിക്കുകയാണ്.

രണ്ടാമത്തെ കാര്യം, കുടിയേറ്റക്കാരില്‍ 45 ശതമാനവും സ്ത്രീകളാണ് എന്നതാണ് അവരില്‍ പലരും വിവാഹശേഷം ദല്‍ഹിയിലെത്തിയതാണ്. തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യവും മറ്റു സാമൂഹിക സാഹചര്യങ്ങളും കാരണം ഈ സ്ത്രീകളില്‍ വലിയൊരു വിഭാഗം ഇവിടെ  അരക്ഷിതരാണ്.

വരുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കണക്കുകൂട്ടലുകളില്‍ ഈ സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.

കുടിയേറ്റത്തിലുണ്ടായിരിക്കുന്ന വര്‍ധനവ് ദല്‍ഹിയിലെ പാര്‍പ്പിട മേഖലയില്‍ വലിയ പ്രശ്‌നങ്ങളാണുണ്ടാക്കിയിരിക്കുന്നത്. 2011 ല്‍ ദല്‍ഹിയിലെ 4.2 ശതമാനം മാത്രം വരുന്ന നഗര ജനസംഖ്യയില്‍ വീടുകളില്ലാത്തവരുടെ എണ്ണം 5.1 ശതമാനത്തിലധികമാണ്. ഇത് 2001 നും 2011 നും ഇടയില്‍ ഇരട്ടിയായിട്ടുണ്ട്. ദേശിയതലത്തില്‍ നഗരത്തിലെ വീടുകളില്ലാത്തവരുടെ എണ്ണത്തില്‍ നിന്നും(20.5 ശതമാനം) ഏറെ അധികമാണ് ഈ കണക്കുകള്‍.

വീടുകളില്ലാത്ത വലിയൊരു വിഭാഗം ജനങ്ങളും പാതയോരത്തും, മേല്‍പ്പാലങ്ങള്‍ക്കു കീഴിലും, വലിയ പൈപ്പുകള്‍ക്കുള്ളിലും ആരാധനാലയങ്ങളിലുമൊക്കെയാണ് തലചായ്ക്കുന്നത്. ചേരികളിലും വലിയൊരു വിഭാഗം വസിക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു.

ഐക്യ രാഷ്ടര സഭയുടെ കണക്കുപ്രകാരം ലോകത്തിലെ മറ്റു പ്രമുഖനഗരങ്ങളിലൊക്കെ 6 ശതമാനത്തിനടുത്ത് മാത്രം ഉയരാതിരിക്കുമ്പോള്‍ 1975 മുതല്‍ 2025 വരെയുള്ള ദല്‍ഹിയിലെ ജനസംഖ്യനിരക്ക് 8.23 ശതമാനമാണ്. അതുകൊണ്ട് കുടിയേറ്റ പാര്‍പ്പിട പ്രശ്‌നങ്ങളെ വരാനിരിക്കുന്ന സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം.