national news
താരപ്രചാരകയായി ബി.ജെ.പി കണ്ടുവെച്ച താരം; എതിരാളിയ്ക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്തിറങ്ങി, അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 20, 11:06 am
Sunday, 20th October 2019, 4:36 pm

പ്രസിദ്ധ ഹര്യാന്‍വി ഗായികയായ സ്വപ്‌ന ചൗധരി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍. ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

സ്വപ്‌ന ചൗധരിയെ ഒരു താരപ്രചാരകയായാണ് ബി.ജെ.പി കണ്ടിരുന്നത്. ദല്‍ഹിയിലെ ബി.ജെ.പി നേതൃത്വത്തിലേക്കും ഭാവിയില്‍ സ്വപ്‌ന ചൗധരി വരുമെന്നാണ് നിരീക്ഷകരും വിലയിരുത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും സ്വപ്‌ന ചൗധരിയോട് അനിഷ്ടത്തിലാണ്. ബി.ജെ.പി അംഗമായിരിക്കെ ഹരിയാനയില്‍ എതിരാളി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സ്വപ്‌ന പ്രചരണത്തിനിറങ്ങിയതാണ് കാരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയിലെ സിര്‍സ മണ്ഡലത്തിലെ ഹരിയാന ലോഹിത് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഖാണ്ഡക്ക് വേണ്ടിയാണ് സ്വപ്‌ന പ്രചരണം നടത്തിയത്. ഈ മണ്ഡലത്തില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയുണ്ട്.

സ്വപ്‌നക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതിനാലാണ് താന്‍ പ്രചരണത്തിനിറങ്ങിയതെന്നാണ് സ്വപ്‌നയുടെ വാദം.