| Wednesday, 1st November 2017, 8:42 am

ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; മതപരിവര്‍ത്തനം നടത്താറുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട്: ഇന്ത്യ ടുഡേ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതപരിവര്‍ത്തനം നടത്താറുണ്ടെന്നും ഹവാല പണം കൈപ്പറ്റാറുണ്ടെന്നും സമ്മതിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍. ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ അഹമ്മദ് ഷെരീഫ് എന്നിവര്‍ തങ്ങള്‍ മതപരിവര്‍ത്തനം നടത്താറുണ്ടെന്ന് സമ്മതിച്ചത്.

ആദ്യം രാജ്യത്തും ശേഷം ലോകം മുഴുവനും ഇസ്‌ലാമിക രാജ്യം സ്ഥാപിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഹമ്മദ് ഷെരീഫ് പറയുന്നതും വീഡിയോയിലുണ്ട്. മതപരിവര്‍ത്തന കേന്ദ്രം എന്നല്ല ചാരിറ്റബിള്‍ സ്ഥാപനങ്ങളെന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നോ ആണ് സത്യസരണി പോലെയുള്ളവയെ വിളിക്കാറുള്ളതെന്ന് സൈനബ പറയുന്നു.


Also Read: ‘മാറ്റത്തിന്റെ കാഹളം നിലയ്ക്കുന്നില്ല’; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ആദ്യ ദളിത് ശാന്തിയാവാനൊരുങ്ങി ഉമേഷ് കൃഷ്ണന്‍


എന്നാല്‍ മതം മാറുന്നവര്‍ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന് അതേയെന്നാണ് മറുപടി. അവര്‍ അക്കാര്യം പുറത്തുപറയില്ലേ എന്ന് ചോദിക്കുമ്പോള്‍ അതിന് സാധ്യത കുറവാണെന്നും മതം മാറിയ ശേഷമായിരിക്കുമല്ലോ അവര്‍ പുറത്തുപോവുകയെന്നും സൈനബ പറയുന്നു.

ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയും സൈനബ വിശദീകരിക്കുന്നു.

“15-16 പേരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സെന്ററിന് പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണ-താമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കുകയും വേണം. ശേഷം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മതംമാറ്റ കേന്ദ്രം എന്ന നിലയില്‍ ആയിരിക്കില്ല രജിസ്റ്റര്‍ ചെയ്യുന്നത്.”


Also Read:‘തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗകളിയുമായി മതസൗഹാര്‍ദ്ദത്തിന്റെ ജിമിക്കി കമ്മലിന്റെ ഫീമെയില്‍ വേര്‍ഷനുമായി സ്ത്രീ കൂട്ടായ്മ 


പിന്നീട് ഇസ്‌ലാമിനെക്കുറിച്ചും മറ്റും പഠിപ്പിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് സൈനബ പറയുന്നു. മതം മാറുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മറ്റു കേന്ദ്രങ്ങളെയാണ് ഇവര്‍ സമീപിക്കുന്നത്. സത്യസരണിയില്‍ നിന്ന് മതം മാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ഇതൊരു മതം മാറ്റ കേന്ദ്രമാണെന്ന് മറ്റുള്ളവര്‍ അറിയില്ലേ എന്ന ചോദ്യത്തിന്, മറ്റ് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ അതല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്യുമെന്നാണ് സൈനബയുടെ മറുപടി.

സര്‍ക്കാര്‍ അനുമതിയോടെ മതം മാറ്റാന്‍ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്‌ലാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു. അതേസമയം വിവാദമായ ഹാദിയയുടെ മതം മാറ്റത്തെക്കുറിച്ച് സൈനബ ഒന്നും സംസാരിക്കുന്നില്ല.


Also Read: വിമാന റാഞ്ചല്‍ ഭീഷണി; ഉറുദുവില്‍ കത്തെഴുതിയത് പിന്നില്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിപ്പിക്കാനെന്ന് പ്രതി


പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെല്ലാം സാമ്പത്തിക സഹായം ഹവാല ഇടപാട് വഴിയാണ് ലഭിക്കുന്നതെന്ന് അഹമ്മദ് ഷെരീഫ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്തെത്തി.

വീഡിയോയില്‍ പരാമര്‍ശിക്കുന്നത്:

റിപ്പോര്‍ട്ടര്‍: ഇസ്ലാമിക രാജ്യമാണോ അന്തിമലക്ഷ്യം? പി.എഫ്.ഐയ്ക്കും സത്യസരണിക്കും ഇന്ത്യയില്‍ അല്ലെങ്കില്‍ ലോകം മുഴുവന്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ഒളി അജണ്ടയുണ്ടോ?

അഹമ്മദ് ഷെരീഫ്: ലോകം മുഴുവന്‍. അതാണ് ലക്ഷ്യം.

റിപ്പോര്‍ട്ടര്‍: ലോകം മുഴുവന്‍? ലോകം മുഴുവനുമാണോ അതോ ഇന്ത്യയിലാണോ?

അഹമ്മദ് ഷെരീഫ്: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കിയശേഷം അവര്‍ മറ്റുരാജ്യങ്ങളിലേക്കു പോകും.

റിപ്പോര്‍ട്ടര്‍: മിഡില്‍ ഈസ്റ്റില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി നിങ്ങള്‍ ഫണ്ട് കൊണ്ടുവന്നിരുന്നോ?

അഹമ്മദ് ഷെരീഫ്: അതെ.

റിപ്പോര്‍ട്ടര്‍: എത്രരൂപയാണ് നിങ്ങള്‍ ആ സമയത്ത് കൊണ്ടുവന്നത്?

അഹമ്മദ് ഷെരീഫ്: ആ സമയത്ത് പത്തുലക്ഷം രൂപയോ മറ്റോ.

റിപ്പോര്‍ട്ടര്‍: പത്തുലക്ഷം? എങ്ങനെയാണ് ഇത് അയച്ചത്?

അഹമ്മദ് ഷെരീഫ്: ഹവാല.

റിപ്പോര്‍ട്ടര്‍: ഹവാല വഴിയോ?

അഹമ്മദ് ഷെരീഫ്: അതെ. ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ ഇത് സാധ്യമാണ്. ഇങ്ങനെ ചെയ്യാറുണ്ട്. ഇത് സ്ഥിരമാണ്. ഇത് കുറേക്കാലമായി നടക്കുന്നതാണ്.

റിപ്പോര്‍ട്ടര്‍: ഹവാലയായി മാത്രമാണോ വരുന്നത്?

അഹമ്മദ് ഷെരീഫ്: രണ്ടുവഴിയിലും ഇത് വരുന്നുണ്ട്.

റിപ്പോര്‍ട്ടര്‍: പി.എഫ്.ഐയ്ക്കും സത്യസരണിക്കും?

അഹമ്മദ് ഷെരീഫ്: അതെ.

വീഡിയോ

We use cookies to give you the best possible experience. Learn more