| Tuesday, 27th September 2022, 10:29 pm

എന്‍.ഐ.എയും ഇ.ഡി.യും ഹിന്ദുത്വ ഭരണകൂടത്തിന്റെ കൈകളിലെ അടിമത്ത ഉപകരണങ്ങള്‍, റെയ്ഡ് മന്ത്രവാദ വേട്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകളെ മന്ത്രവാദ വേട്ടയെന്ന് വിശേഷിപ്പിച്ച് പി.എഫ്.ഐ. റെയ്ഡുകള്‍ നാടകമാണെന്നും പോപ്പുലര്‍ ഫ്രണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ നടത്തുന്നതിലൂടെ ഭയമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി.എഫ്.ഐ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നൂറിലധികം പേരാണ് അറസ്റ്റിലായത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും പി.എഫ്.ഐക്ക് എതിരെ നടന്ന റെയ്ഡില്‍ അന്വേഷണ ഏജന്‍സികള്‍ ഉന്നയിച്ചിരുന്നു. രാജ്യത്ത് പി.എഫ്.ഐക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന പ്രചരണങ്ങളും ഇതിന് പിന്നാലെ വ്യാപകമായി നടന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പി.എഫ്.ഐ ഔദ്യോഗിക പ്രസ്താവനയിറക്കിയിരിക്കുന്നത്.

എന്‍.ഐ.എയും ഇ.ഡി.യും കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ കൈകളിലെ രണ്ട് അടിമത്ത ഉപകരണങ്ങളാണെന്നും പി.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

‘നിയമപരമായും സുതാര്യമായും പ്രവര്‍ത്തിക്കുന്ന സംഘടനയായ പി.എഫ്.ഐയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു റെയ്ഡ്. അറസ്റ്റിലായ നേതാക്കള്‍ ഒളിച്ചോടിയവരോ ഒളിച്ചു ജീവിച്ചിരുന്നവരോ അല്ല. അതുകൊണ്ടു തന്നെ ഏജന്‍സികളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന തരത്തിലുള്ള അടിച്ചമര്‍ത്തലിന്റെ ആവശ്യമില്ല,’ പി.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

‘മൂന്നു പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ സംഘടന യുവാക്കളെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചിട്ടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയാനും രാജ്യസ്നേഹവും രാജ്യത്തിന്റെ ഭരണഘടനയോടുള്ള വിധേയത്വവും ജനാധിപത്യ മൂല്യങ്ങളെ മാനിക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്. രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഒരിക്കലും ചിന്തിക്കുകയോ പരിശ്രമിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്തുന്നതിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനുമായിരുന്നു മുന്‍തൂക്കം. അത് എല്ലായ്‌പ്പോഴും ശക്തമായി ഉണ്ടാകും.’ പി.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ പകയും അശാന്തിയുമുണ്ടാക്കാനണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും ആര്‍.എസ്.എസാണ് യുവാക്കളുടെ കയ്യില്‍ കത്തിയും ആയുധങ്ങളും നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം മുമ്പ് നടന്ന റെയ്ഡിന്റെ സമാന രീതിയില്‍ ചൊവ്വാഴ്ചയും പാര്‍ട്ടിക്കെതിരെ രാജ്യവ്യാപകമായ റെയ്ഡ് നടന്നിരുന്നു. 200ലധികം പേരാണ് ഇക്കുറി അറസ്റ്റിലായത്. മധ്യപ്രദേശ്, കര്‍ണാടക, അസം, ദല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

തീവ്രവാദ ഫണ്ടിങ്, മുസ്‌ലിം യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കല്‍, തീവ്രവാദ സംഘടനകളില്‍ ചേരാന്‍ അവരെ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പി.എഫ്.ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Popular front of India says ED and NIA tools in the hands of hindutva government

We use cookies to give you the best possible experience. Learn more