| Monday, 16th July 2018, 8:08 pm

നിരോധിച്ച് ഇരവാദത്തിന് അവസരമൊരുക്കരുത്, രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമവരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന എം.അഭിമന്യുവിന്റെ കൊലപാതകത്തിനുശേഷം അതില്‍ പങ്കുണ്ടെന്നു പരക്കെ സംശയിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണം എന്നൊരാവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് പി.എഫ്.ഐയുടെയും അവരുടെ രാഷ്ട്രീയ വിഭാഗമായ സോഷ്യലിസ്‌റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും പലതലത്തിലുള്ള പ്രവര്‍ത്തകര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ഇത്തരം ഒരാവശ്യം ഉയര്‍ന്നുവരാന്‍ കാരണം.

ഇതിനുമുന്‍പ് നടന്ന പല കൊലപാതകങ്ങളിലും, തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലും പോപ്പുലര്‍ ഫ്രണ്ട്/ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായിരുന്നു.

പക്ഷെ ഈ ആവശ്യത്തോട് പല കാരണങ്ങളാല്‍ എനിക്ക് യോജിപ്പില്ല.

ഇന്ത്യയില്‍ മുസ്‌ലിമിന്റെ അപരവല്‍ക്കരണം ഏറ്റവും അപകടകരമായ വിധത്തില്‍ നടന്നത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷമാണ്. “മഹാത്മാ ഗാന്ധിയുടെ വധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം” എന്ന് അന്ന് ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായിരുന്ന കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ച ആ അതിക്രമം തടയാന്‍ ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഒരു ഘടകവും തയ്യാറായില്ല എന്നത് നിയമവാഴ്ചയില്‍ വിശ്വാസമുള്ള ഓരോ ഇന്ത്യന്‍ പൗരനെയും പ്രതിസന്ധിയിലാക്കി. മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിശ്വാസ പ്രതിസന്ധി രൂക്ഷമായ പ്രായോഗിക-താത്വിക പ്രശ്‌നങ്ങളിലേക്കും വഴിവച്ചു.

ALSO READ: അഭിമന്യുവില്‍ നിന്നും നമ്മള്‍ പഠിക്കാത്തത്

കേരളത്തില്‍ മുസ്‌ലിം ജനവിഭാഗങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വളരെ ഉത്തരവാദിത്തത്തോടെ ഈ പ്രതിസന്ധിയോട് പ്രതികരിച്ചപ്പോള്‍ മറ്റു പല പ്രതികരണങ്ങളും ആ രൂപത്തിലായിരുന്നില്ല, മറിച്ച് ഇതൊരു അവസരമായി മുതലെടുത്ത് ഇന്ത്യയില്‍ ഒട്ടധികം മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകള്‍ ഉടലെടുത്തു. ബോംബെ സ്‌ഫോടന പരമ്പര ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടന്നപ്പോള്‍ മറ്റു പല പ്രതിഷേധങ്ങളും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മറ്റു പല സ്വാതന്ത്ര്യങ്ങളും ഉപയോഗിച്ചാണ് പടര്‍ന്നത്.

തെക്കന്‍ കേരളത്തില്‍ (മാത്രം) പരിമിതമായ സ്വാധീനമുണ്ടായിരുന്ന മതപ്രഭാഷകന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള ഐ.എസ്.എസ് ബാബരിമസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം നിരോധിക്കപ്പെട്ടുവെങ്കിലും മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവിടെനിന്നിങ്ങോട്ട് തീവ്ര-മുസ്‌ലിം മത സ്വാധീനം പല കാരണങ്ങളാല്‍ കേരളത്തില്‍ അവതരിച്ചു. അതിന്റെ ഏറ്റവും ഭീകരരൂപങ്ങളിലൊന്നാണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.എയും.

കേരളത്തില്‍ മുസ്‌ലിങ്ങള്‍ക്ക് സാമൂഹ്യജീവിതത്തില്‍ ന്യായമായ പങ്കുണ്ട് എന്നതുകൊണ്ടുതന്നെ ഇരവാദം മുന്നോട്ടുവയ്ക്കുന്നത് ചിലവാകില്ല എന്ന അറിവില്‍നിന്നു പിന്നോക്ക സമുദായങ്ങളുടെ മുന്നണി എന്ന നിലയിലാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ സ്വയം അവതരിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ അവര്‍ സ്വയം പരിചയപ്പെടുത്തിയതും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതും ആ ലേബലിലാണ്. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പലതും മുസ്‌ലിം തീവ്രവാദ സംഘങ്ങളുടേതുപോലെയും.

ഈ ഇരട്ടമുഖം വച്ച് പ്രവര്‍ത്തനം മുന്‍പോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് അഭിമന്യുവിന്റെ കൊലപാതകം നടക്കുന്നത്. ആ സംഭവം കേരള സമൂഹത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ തൊലിയുരിച്ചു നിര്‍ത്തി യഥാര്‍ത്ഥ രൂപം പുറത്തുകൊണ്ടുവരാന്‍ സഹായകമായി എന്നാണ് എന്റെ വിലയിരുത്തല്‍. ജോസഫ് സാറിന്റെ കൈവെട്ടുകേസില്‍ ഇത് പ്രകടമായിരുന്നുവെങ്കിലും ബോധ്യമാകാതിരുന്ന പലരും ഉണ്ടായിരുന്നു. അന്നത്തെ ഇടതുപക്ഷ സര്‍ക്കാരും കത്തോലിക്കാ സഭയുമെടുത്ത നിലപാടുകളും ഇക്കൂട്ടരുടെ ചെയ്തിക്ക് ദുര്‍ബലമെങ്കിലും ഒരു സാധുത നല്‍കിയതായി ഇവര്‍ക്ക് വാദിക്കാനായിരുന്നു.

എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകം ഇത്തരത്തില്‍ യാതൊരു വേഷപ്പകര്‍ച്ചയ്ക്കും പോപ്പുലര്‍ ഫ്രണ്ടിന് അവസരം നല്‍കിയില്ല. അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശത്തുനിന്നുവരുന്ന, ജീവിത പ്രതിസന്ധികളോട് നിരന്തരം പടവെട്ടിയിരുന്ന, പുതിയൊരു രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന, അത് പ്രയോഗത്തിലാക്കിക്കൊണ്ടിരുന്ന ഒരു ആദിവാസി ബാലനെ ഒറ്റക്കുത്തിനു കൊല്ലാന്‍ പാകത്തിലുള്ള ക്രിമിനല്‍ സംഘങ്ങളുടെ ബലത്തില്‍ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന കാര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ സാധാരണ മനുഷ്യര്‍ക്ക് വലിയ സംശയമില്ല.

ALSO READ: നരേന്ദ്രമോദിയുടെ ദുര്‍ഭരണത്തിന്റെ നാലരവര്‍ഷങ്ങള്‍

എന്നുവച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ നേരിടുന്നത് അവര്‍ ഇന്നുവരെ ചെയ്തുകൊണ്ടിരുന്ന ഓരോ ക്ഷുദ്രപ്രവൃത്തിയ്ക്കും വിലകൊടുക്കേണ്ടിവരുന്ന അവസ്ഥയെയാണ്. പിന്നോക്കക്കാരനും ആദിവാസിയ്ക്കും ന്യൂനപക്ഷത്തിനും വേണ്ടി അവരുയര്‍ത്തിയതൊക്കെ വ്യാജ മുദ്രാവാക്യങ്ങളായിരുന്നു എന്നും മതബോധം പുഴുകുത്തിയ തലയൊളിപ്പിക്കാന്‍ പാകത്തില്‍ അവരെടുത്തുമൂടിയ ആവരണങ്ങളായിരുന്നു അവയെന്നും സംശയത്തിനിടയില്ലാത്തവിധം മനുഷ്യര്‍ക്ക് മനസിലായിത്തുടങ്ങി. വലിയ ഒറ്റപ്പെടലിന്റെ കാലം അവര്‍ക്കുമുന്നിലുണ്ട്; മഹാത്മാഗാന്ധി വധത്തിനുശേഷം ഇന്ത്യയില്‍ ആര്‍.എസ്.എസിന് നേരിടേണ്ടി വന്നതുപോലെ.

ഈ അവസരത്തിലാണ് നിരോധനം എന്ന ആവശ്യം ഉയര്‍ന്നുവരുന്നത്. ഈ ആവശ്യം പ്രാവര്‍ത്തികമാക്കാനുള്ള പ്രവൃത്തികളെ സര്‍ക്കാരുകള്‍ തുടങ്ങിയാല്‍ അത് വിപരീതഫലം ചെയ്യും എന്നാണ് എന്റെ വിലയിരുത്തല്‍. അതിനു ചില കാരണങ്ങളുമുണ്ട്.

ഒന്ന്: ഏതെങ്കിലും ഒരാശയത്തിനുമേല്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും നിരോധിച്ചതുകൊണ്ടു ഇല്ലാതാവില്ല. അങ്ങിനെയെങ്കില്‍ ആര്‍.എസ്.എസ് പണ്ടേ ഇല്ലാതാവേണ്ടതായിരുന്നു,  മഅദനിയുടെ സംഘം ഇല്ലാതാവേണ്ടതായിരുന്നു, എന്‍.ഡി.എഫ് ഇല്ലാതാവേണ്ടതായിരുന്നു. ആര്‍.എസ്.എസ് ഓരോ നിരോധനത്തിനുശേഷവും ഒരു ക്ഷീണവുമില്ലാതെ പുറത്തുവന്നു. മറ്റു രണ്ടും പുതിയ രൂപത്തിലേക്ക് മാറി.

അവരുടെയൊക്കെ ആശയങ്ങള്‍ സമൂഹത്തോട് ചെയ്യുന്നതെന്ത് എന്ന് രാഷ്ട്രീയമായി പ്രചരിപ്പിക്കുക എന്നതല്ലാതെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കുക സാധ്യമല്ല. നിയമം പ്രവൃത്തികളെ നേരിടാനുള്ളതാണ്, ആശയങ്ങളെ നേരിടാനല്ല. അങ്ങിനെ ചെയ്താല്‍ ആശയങ്ങള്‍, അവയെത്ര ഉപദ്രവകാരികളാണെങ്കിലും, ശക്തിപ്രാപിക്കാനാണ് സാധ്യത.

രണ്ട്: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ചെയ്തുകൊണ്ടിരുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തനമാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ആ പാര്‍ട്ടി ഇപ്പോഴും മുന്‍പിലാണ്. അതിപ്പോള്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് കനാലിനു ഭിത്തി കെട്ടുന്നതിനുവേണ്ടി തുടങ്ങി ഗെയില്‍ പൈപ്പ് ലൈനിനു എതിരെയും നാലുവരിപ്പാതയ്ക്കുള്ള സ്ഥലമെടുപ്പ് തടയാനും വരെ അവര്‍ മുന്‍പിലുണ്ട്, രാഷ്ട്രീയക്കാരുടെ വേഷം കെട്ടി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമൂഹം കൊടുക്കുന്ന മാന്യത കുറെയൊക്കെ പിടിച്ചുപറ്റാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുമുണ്ട്.

ALSO READ: തീവ്രമായ ജാതീയത ക്രൈസ്തവതയില്‍ ഒളിഞ്ഞുകിടപ്പുണ്ട്; ഞാന്‍ അതനുഭവിച്ചിട്ടുമുണ്ട്

ഈ വേഷപ്പകര്‍ച്ച പൊളിച്ചുകളയാനുള്ള ഒരവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഇത്തരം ഇടപെടലുകളും ദളിത് രാഷ്ട്രീയത്തിന് കൊടുക്കുന്ന പ്രാധാന്യവുമൊക്കെ ഇവരുടെ മത-ഭീകരവാദത്തിനുള്ള പുകമറയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ രാജ്യത്തിന്റെ മതനിരപേക്ഷ ഭാവിയില്‍ താല്‍പ്പര്യമുള്ളവര്‍ നടത്തേണ്ടത്.

മൂന്ന്: പോപ്പുലര്‍ ഫ്രണ്ട്/എസ്.ഡി.പി.ഐ നടത്തിയിട്ടുള്ള പാതകങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. പക്ഷെ ഇന്നും ഈ സംഘടനയെപ്പറ്റി സമൂഹത്തിനോ സര്‍ക്കാരിനോ ആവശ്യമായ അറിവുള്ളതായി കാണുന്നില്ല. നമ്മുടെ നാട്ടില്‍ അങ്ങേയറ്റം ദുര്‍ബലമായ മാവോയിസ്റ്റ് പ്രസ്ഥാനം സര്‍ക്കാരിന്റെ ശക്തമായ നിരീക്ഷണത്തിനു കീഴിലാണ്. എന്നാല്‍ എസ്.ഡി.പി.ഐ അങ്ങിനെയല്ല. ജോസഫ് മാഷിന്റെ പേരില്‍ മത തീവ്രവാദികള്‍ ബഹളം വച്ചുതുടങ്ങിയപ്പോഴും അത് കൈവെട്ടില്‍ ചെന്നവസാനിക്കും എന്ന് കണ്ടെത്താന്‍ ഇന്റലിജന്‍സിന് കഴിഞ്ഞില്ല.

മഹാരാജാസ് കോളേജില്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ആസൂത്രണം ചെയ്തു കൊലപ്പെടുത്താന്‍ ഇക്കൂട്ടര്‍ പ്ലാനിട്ടതും അവരുടെ കണ്ണില്‍പ്പെട്ടില്ല. എന്നുമാത്രമല്ല സംഭവത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു രണ്ടാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും പൊലീസിന് അവരെക്കുറിച്ച് കൃത്യമായ വിവരമുള്ളതായി നമുക്ക് അറിവില്ല.

എന്നുവച്ചാല്‍ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ഒരു സംവിധാനം പോപ്പുലര്‍ ഫ്രണ്ട് ഈ നാട്ടില്‍ സൃഷ്ടിച്ചുവച്ചിട്ടുണ്ട്. അതിനെപ്പറ്റി നമ്മുടെ പൊലീസ് സംവിധാനത്തിന് കാര്യമായ വിവരമില്ല. അവരുടെ പണപരമായ ഇടപാടുകളെക്കുറിച്ച് പൊലീസിന് എന്തറിയാം എന്നും നമുക്കറിയില്ല. ഇതിന്റെയൊക്കെ പിറകില്‍ അന്താരാഷ്ട്ര രാഷ്ട്രീയ-മത തീവ്രവാദ പ്രസ്ഥാനങ്ങളുടെ സ്വാധീനം എത്രയുണ്ട് എന്നും അറിയേണ്ടതുണ്ട്.

അതുകൊണ്ടു നിയമനിര്‍വ്വഹണ സംവിധാനം ഉപയോഗിച്ച് ഇക്കൂട്ടരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പുറത്തുകൊണ്ടുവരികയും സമൂഹത്തിനു മുന്‍പില്‍ തുറന്നുകാണിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അത് കാടും പടലും ഇളക്കിയുള്ള പ്രവര്‍ത്തിവഴിയല്ല. എതിരാളികളെപ്പോലെ കൃത്യമായി, നിശബ്ദമായി, പ്രൊഫഷണല്‍ മികവോടെ ഇക്കാര്യവും ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കേണ്ടതുണ്ട്.

ALSO READ: ”പഠിക്കുന്നതും പഠിപ്പിക്കുന്നതും മുഴുവന്‍ മാപ്ലാരാണ്; നമ്മടെ കൂട്ടത്തില്‍ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്’; പ്രിന്‍സിപ്പലിന്റെ ജാതീയത തുറന്ന് കാട്ടി ഉദ്യോഗാര്‍ത്ഥി

ഇത് വളരെ പ്രധാനവുമാണ്. കാരണം ഇത് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. വിജയിച്ചാല്‍ നമ്മുടെ നാട്ടിലെ ഒരു വിധ്വാംസക സംവിധാനത്തെ പൂട്ടിക്കെട്ടി, നമ്മുടെ നാട് അത്രകൂടുതല്‍ സുരക്ഷിതമാക്കി എന്ന് നമുക്കാശ്വസിക്കാം. വിജയിച്ചില്ലെങ്കില്‍ ഇക്കൂട്ടര്‍ ഇരവാദവുമായി മുന്നോട്ടുവരും. സമുദായത്തിന്റെ രക്ഷകരായി ഇവര്‍ വീണ്ടും അവതരിക്കും. കൈവെട്ടുകേസിലെപ്പോലെ ഇവര്‍ക്ക് നിരപരാധികളുടെയും വേട്ടയാടപ്പെടുന്നവരുടെയും രൂപത്തില്‍ മുമ്പത്തേതില്‍കൂടുതല്‍ ഫലപ്രദവുമായി നമ്മുടെ മുന്‍പില്‍ വരാന്‍ സാധിക്കും.

നാല്: ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ എസ്.ഡി.പി.ഐയെ തുറന്നുകാണിക്കണമെങ്കില്‍ അക്കാര്യത്തില്‍ രാഷ്ട്രീയമായ ഒരു സമന്വയം ഉണ്ടാക്കുകയാണ് വേണ്ടത്; അവിടെയും നിയമപരമായ വഴികള്‍ ലഭ്യമല്ല. ഇടതുപക്ഷം എസ്.ഡി.പി.ഐ യോട് മൃദു നിലപാട് എടുക്കുന്നു എന്നൊരാക്ഷേപം പരക്കെയുണ്ട്. ഞാന്‍ അന്വേഷിച്ചതില്‍ പ്രത്യക്ഷത്തില്‍ അങ്ങിനെയൊരു ബന്ധം കാണാനായില്ല,. എന്ന് മാത്രമല്ല അങ്ങിനെ വന്ന അവസരത്തില്‍ പരസ്യമായി അതിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

എങ്കിലും ഒരു പഞ്ചായത്തിലെങ്കിലും–മലപ്പുറം ജില്ലയിലെ പറപ്പൂരില്‍– ഒ.എസ് മുന്നണിയുടെ ഭാഗമായി സി.പി.ഐ.എം അംഗങ്ങളും എസ്.ഡി.പി.ഐക്കാരുമായി ചേര്‍ന്ന് ഭരണം നടത്തുന്നുണ്ട്‌. ഇത്തരം ഒളിച്ചുകളികള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.

ALSO READ: എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മടങ്ങവെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ആറുപേര്‍ അറസ്റ്റില്‍

ആയിരത്തോളം പഞ്ചായത്തില്‍ ഒരെണ്ണത്തില്‍ ഭരണം ഇല്ല എന്നുവച്ച് ആകാശം ഇടിഞ്ഞുവീഴില്ല. പക്ഷെ ക്ഷുദ്രരാഷ്ട്രീയത്തിന്റെ പ്രയോക്താക്കള്‍ക്കു അത് വലിയൊരു പിടിവള്ളിയാവുകയും ചെയ്യും. അതവസാനിപ്പിക്കുകയും ഒരു കാരണവശാലും കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ഇവരെ പ്രവേശിപ്പിക്കാതിരിക്കുകയുമാണ് വേണ്ടത്.

ചുരുക്കത്തില്‍, എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രസ്ഥാനങ്ങളെ നിരോധനം എന്ന വഴിയില്‍ നേരിട്ട് ഇരവാദം ഉയര്‍ത്താനുള്ള അവസരം കൊടുക്കാതെ നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ച് തുറന്നുകാണിക്കുകയും ജനങ്ങളുടെ സഹായത്തോടെ ഇല്ലാതാക്കുകയുമാണ് വേണ്ടത്. ഈ ദൗത്യത്തിലുണ്ടാകാവുന്ന ഏതു പിഴവും അലംഭാവവും തിരിഞ്ഞുകൊത്താനും സാധ്യതയുണ്ട്.

We use cookies to give you the best possible experience. Learn more