തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് മാര്‍ച്ച്.
ദേവസ്വം ബോര്‍ഡ് ജങ്ഷന് മുന്നിലായി വെച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തള്ളിമാറ്റി ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പൊലീസ് ഇവരെ തടഞ്ഞത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയതായി വിവരമുണ്ട്. നിലവില്‍ പ്രവര്‍ത്തകര്‍ അവിടെ തന്നെ ഇരുന്ന് പ്രതിഷേധിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടുന്ന പൊലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
ആലപ്പുഴ ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പേരില്‍ സംഘടനയെ ആസൂത്രിതമായി വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
‘പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടിനോട് യോജിക്കാത്ത പദപ്രയോഗങ്ങള്‍ മുദ്രാവാക്യത്തിലുണ്ടായി എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൊതുസമൂഹത്തെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കും വിധമുള്ള പ്രചരണം നടത്തി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 26 പേരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയില്‍ എടുത്തു. ഇത് കേവലമൊരു മുദ്രാവാക്യത്തിന്റെ മാത്രം പ്രശ്നമല്ല. തുറന്ന വിവേചനം കേരളത്തില്‍ നിലനില്‍ക്കുന്നു’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ആര്‍.എസ്.എസിന്റെ ഫാക്ടറിയില്‍ നിര്‍മിച്ചെടുത്ത നുണക്കഥ ഏറ്റുപിടിച്ചുള്ള പൊലീസിന്റെ നരനായാട്ട് അവസാനിപ്പിച്ച് സര്‍ക്കാര്‍ നീതിപൂര്‍വമായ നിലപാടിലേക്ക് പോകണമെന്നും അല്ലാത്തപക്ഷം മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ വഴി തടയുംവിധം സമരം ശക്തമാക്കുമെന്നുമെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്.