| Thursday, 3rd December 2020, 12:08 pm

ഇ.ഡി റെയ്ഡ് കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് നസുറുദ്ദീന്‍ എളമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭത്തില്‍ ശ്രദ്ധ തിരിക്കാനും വാര്‍ത്തകള്‍ വഴി തിരിച്ചുവിടാനുമുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നീക്കമാണ് ഇ.ഡി റെയ്‌ഡെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസുറുദ്ദീന്‍ എളമരം. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നസുറുദ്ദീനടക്കമുള്ള
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും പാര്‍ട്ടി കേന്ദ്രങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നല്‍കിയ പ്രതികരണത്തിലാണ് നസുറുദ്ദീന്‍ എളമരം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നിയിച്ചത്.

‘ഇന്ന് രാവിലെ ദേശീയ നേതൃത്വത്തിന്റെ പല വീടുകളിലും ചില ആസ്ഥാനങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഇപ്പോള്‍ ദേശീയ തലത്തില്‍ വലിയൊരു പ്രക്ഷോഭം നടക്കുകയാണ്. കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ ജനപിന്തുണയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അപ്പോള്‍ വാര്‍ത്തകള്‍ അവര്‍ക്ക് വഴി തിരിച്ചു വിടേണ്ടതുണ്ട്. അതിനാണ് ഈ റെയ്ഡ് നടക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയെ നടുക്കിയ ഒരു വലിയ കൊലപാതകം ഹാത്രാസില്‍ നടന്നത്. ആ കൊലപാതകത്തില്‍ അവിടുത്തെ യു.പി സര്‍ക്കാരിനെതിരെയും ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെയും ശക്തമായ പ്രതിഷേധം രൂപപ്പെട്ടു വന്ന സാഹചര്യത്തിലാണ് ഹാത്രാസ് സന്ദര്‍ശിക്കാന്‍ പോയ നാല് ചെറുപ്പക്കാരെ പിടിച്ചകത്താക്കി വാര്‍ത്തകള്‍ തിരിച്ചുവിടാന്‍ ശ്രമിച്ചത്. എപ്പോഴെല്ലാം ഭരണകൂടം പ്രതിസന്ധിയിലാകുന്നോ അപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ നടക്കാറുണ്ട്.

എന്റെ വീട്ടില്‍ നിന്നും മകളും കുടുംബവും ഉപയോഗിക്കുന്ന ലാപ്‌ടോപ്പും പെന്‍ഡ്രൈവും എന്റെ ലൈബ്രറിയിലെയും ഇസ്‌ലാമിക പാഠശാലയില്‍ നിന്നുമുള്ള ചില പുസ്തകങ്ങളും കൊണ്ടുപോയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. മുപ്പത് വര്‍ഷത്തോളമായി ഇന്ത്യയുടെ പൊതുരംഗത്തുള്ള പ്രസ്ഥാനമാണ്. അനധികൃത സ്വത്തുസമ്പാദനമോ ഇടപാടുകളോ ഇന്നേ വരെ പോപ്പുലര്‍ ഫ്രണ്ടിന്റെയോ നേതാക്കളുടേയോ ഭാഗത്തുനിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള ഈ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാര്‍ ഇ.ഡിയെ ആര്‍ക്കുമേലും ഉപയോഗിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ആയുധമാക്കുകയാണ്.’ നസുറുദ്ദീന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസുറുദ്ദീന്‍ എളമരം, ദേശീയ ചെയര്‍മാനായ ഒ.എം.എ സലാമിന്റെ വീട്ടിലുമാണ് രാവിലെയോടെ പരിശോധന നടന്നത്. പ്രമുഖ നേതാവായ കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും ഇ.ഡി പരിശോധന നടന്നു. ഇ അബൂക്കറിന്റെ വീട്ടിലും പരിശോധന നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം കൊച്ചി സംഘമാണ് പരിശോധന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ 7 ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാന മന്ദിരമായ കോഴിക്കോട് മീഞ്ചന്തയിലെ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ ഭാഗമായാണ് കേരളത്തിലെ നേതാക്കളുടെ വീട്ടില്‍ പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കേരളത്തില്‍ ആദ്യമായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇത്രയധികം കേന്ദ്രങ്ങളില്‍ ഒരേ സമയം വ്യാപക റെയ്ഡ് നടക്കുന്നത്.

നേരത്തെ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള സംഘടനയെയും ചേര്‍ത്ത് ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അതിനുശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടിലും ഇപ്പോള്‍ പരിശോധന നടക്കുന്നത്.

ദല്‍ഹി കലാപം ആസൂത്രണം ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കിയ സംഘടനകള്‍ക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള പരാതികളാണ് ഇ.ഡി അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Popular Front  leader Nasurudheen Elamaram responds to ED raid

We use cookies to give you the best possible experience. Learn more