തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കോഴിക്കോടും, ആലപ്പുഴയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കാട്ടാക്കടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. കാട്ടാക്കട പ്രെവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലും ബസ് സ്റ്റേഷനിലും ബസുകള്‍ തടഞ്ഞിരിക്കുകയാണ്. കൂടുതല്‍ പൊലീസെത്തി ഇവരെ മാറ്റാനുള്ള ശ്രമം തുടങ്ങി.
സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ ചില ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
അവശ്യ സര്‍വീസുകളെ മാത്രമാണ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ അറിയിച്ചിരുന്നു. വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എന്‍.ഐ.എ റെയ്ഡില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ ഹര്‍ത്താല്‍. എന്‍.ഐ.എ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ-സംസ്ഥാന നേതാക്കളെ എന്‍.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം ആരോപിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍.എസ്.എസ് നിയന്ത്രിത ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഇന്ന് നടക്കുന്ന ഹര്‍ത്താലെന്നാണ് പി.എഫ്.ഐ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു.