പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ഭരണകൂടത്തെ എതിര്‍ക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ളത്, പതിയെ അത് എല്ലാ മുസ്‌ലിം പൗരന്മാരെയും കേന്ദ്രീകരിച്ചാവും: അസദുദ്ധീന്‍ ഉവൈസി
national news
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ഭരണകൂടത്തെ എതിര്‍ക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ളത്, പതിയെ അത് എല്ലാ മുസ്‌ലിം പൗരന്മാരെയും കേന്ദ്രീകരിച്ചാവും: അസദുദ്ധീന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th September 2022, 3:11 pm

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരണവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ധീന്‍ ഉവൈസി. പി.എഫ്.ഐക്കെതിരായ നിരോധനം എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തീരുമാനിക്കുന്ന ഏതൊരു വ്യക്തിക്ക് നേരെയുമുള്ള നിരോധനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോപ്പുലര്‍ ഫ്രണ്ടിന്റെ നയങ്ങളെ താന്‍ വ്യക്തിപരമായി എതിര്‍ക്കുന്നുണ്ടെന്നും എന്നാല്‍ ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു പാര്‍ട്ടിയെ മുഴുവനായും പഴിചാരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

‘ഞാന്‍ എപ്പോഴും പി.എഫ്.ഐയുടെ നയങ്ങളെ വ്യക്തിപരമായി എതിര്‍ക്കുന്നയാളാണ്. ജനാധിപത്യപരമായ നയങ്ങള്‍ക്ക് തന്നെയാണ് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഏതെങ്കിലും ഒരാള്‍ ചെയ്യുന്ന കുറ്റത്തിന് ഒരു പാര്‍ട്ടിയെ മൊത്തത്തില്‍ പഴിചാരുന്നത് ശരിയായ പ്രവണതയല്ല,’ ഉവൈസി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം ഫാസിസത്തെ നേരിടുന്ന രീതിയനുസരിച്ച് ഇനി മുതല്‍ പി.എഫ്.ഐയുടെ ലഘുലേഖ കയ്യില്‍ വെച്ചെന്ന് കാണിച്ച് എല്ലാ മുസ്‌ലിം പൗരന്മാരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘കോടതികള്‍ കുറ്റവിമുക്തരാക്കുന്നതിന് മുമ്പ് ഒരുപാട് കാലം മുസ്‌ലിങ്ങള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ഞാന്‍ യു.എ.പി.എയെ അപ്പോഴും ഇപ്പോഴും ഒരുപോലെ എതിര്‍ക്കുന്നുണ്ട്. ഇത് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം എന്ന തത്വത്തിന് തന്നെ എതിരാണ്,’ ഉവൈസി പറഞ്ഞു.

ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏറെക്കാലമായി ബി.ജെ.പി ആവശ്യപ്പെട്ടിരുന്ന കാര്യമായിരുന്നു പി.എഫ്.ഐയുടെ നിരോധനം. ക്രിമിനല്‍ കുറ്റങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പങ്കെടുത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.എഫ്.ഐക്ക് പുറമെ ഇതുമായി ബന്ധപ്പെട്ട് മറ്റ് എട്ട് അനുബന്ധ സംഘടനകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി എന്‍.ഐ.എയുടെ നേതൃത്വത്തില്‍ പി.എഫ്.ഐക്കെതിരെ റെയ്ഡ് നടത്തിയിരുന്നു. നേതാക്കളുള്‍പ്പെടെ ഇരുനൂറിലധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകളെ മന്ത്രവാദ വേട്ടയെന്നാണ് പി.എഫ്.ഐ വിശേഷിപ്പിച്ചത്. തങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ നടത്തുന്നതിലൂടെ ഭയമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി.എഫ്.ഐ വ്യക്തമാക്കി. എന്‍.ഐ.എയും ഇ.ഡി.യും കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ കൈകളിലെ രണ്ട് അടിമത്ത ഉപകരണങ്ങളാണെന്നും പി.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

‘നിയമപരമായും സുതാര്യമായും പ്രവര്‍ത്തിക്കുന്ന സംഘടനയായ പി.എഫ്.ഐയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു റെയ്ഡ്. അറസ്റ്റിലായ നേതാക്കള്‍ ഒളിച്ചോടിയവരോ ഒളിച്ചു ജീവിച്ചിരുന്നവരോ അല്ല. അതുകൊണ്ടു തന്നെ ഏജന്‍സികളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന തരത്തിലുള്ള അടിച്ചമര്‍ത്തലിന്റെ ആവശ്യമില്ല,’ പി.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Content Highlight: Popular Front ban is a caution on anyone who opposed the regime, will gradually expand ban including all Muslim citizens: Asaduddin Owaisi