കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത് ആര്‍.എസ്.എസ് തിരക്കഥയുടെ ഭാഗമാണെന്ന് ദേശീയ സെക്രട്ടറി നാസിറുദ്ധീന്‍ എളമരം. ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു നാസിറുദ്ധീന്റെ പ്രതികരണം.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സംഘടനാ വ്യാപനത്തിന്റെ ഭാഗമായാണ് എത്തിയത്. എന്‍.ആര്‍.സി, സി.എ.എ സമരത്തില്‍ പങ്കെടുത്തിട്ടുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് നേരെ യു.പി പൊലീസ് കേസെടുത്തു. ഈ കേസില്‍ യു.പിയുടെ ചരിത്രത്തിലാദ്യമായി നിയമപരമായ പോരാട്ടത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടക്കം കുറിച്ചു. അതിന്റെ പ്രതികാരമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 11ന് പുലര്‍ച്ചെ 5.40ന് ബീഹാറിലെ കത്തിഹാറില്‍ നിന്നും മുംബൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകിട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
ഫെബ്രുവരി 15ന് അന്‍ഷാദിന്റെയും 16ന് ഫിറോസിന്റെയും കുടുംബം കേരള പൊലീസിന് പ്രാദേശിക സ്റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യു. പി പൊലീസ് സ്‌പെഷ്യല്‍ പൊലീസ് ടാസ്‌ക് തിടുക്കത്തില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയ്തതിന് കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണ കള്ളക്കഥ അവതരിപ്പിച്ചതും.
അന്‍ഷാദിനെയും ഫിറോസിനെയും ഫെബ്രുവരി 11ന് അറസ്റ്റ് ചെയ്തതും ഫെബ്രുവരി 16ന് അവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയതും രാഷ്ട്ര സുരക്ഷാ ഭീഷണി എന്ന കള്ളക്കഥ നിര്‍മിക്കാനുള്ള യു. പി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ഫെബ്രുവരി 11ന് വൈകീട്ട് ട്രെയിന്‍ യു. പിയിലൂടെ കടന്ന് പോകുമ്പോള്‍ യു. പിയിലെ ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും യു.പി എസ്.ടി.എഫ് ഇവരെ റാഞ്ചുകയും നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ഹബ്ബായി യു. പി മാറിയിരിക്കുകയാണ്. മോദിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിക്കുന്നവരെയെല്ലാം വേട്ടയാടി തുറങ്കിലടയ്ക്കുകയാണ്. മുസ്‌ലിം ഉന്മൂലനമെന്ന ആര്‍.എസ്.എസ് അജണ്ടയിലേക്കുള്ള ചവിട്ടുപടിയാണ് ഇത്തരം വ്യാജ അറസ്റ്റുകളെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അവര്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്തു എന്ന പേരില്‍ പോപുലര്‍ഫ്രണ്ടിന്റെ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പേരില്‍ യോഗി സര്‍ക്കാര്‍ കേസ് ചുമത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ ഈ ആരോപണം തെളിയിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയുണ്ടായി.
പിന്നീട് ഹത്രാസിലെ ബലാത്സംഗ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന 3 വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെയും ഒരു പത്രപ്രവര്‍ത്തകനെയും അറസ്റ്റ് ചെയത് ഹത്രാസില്‍ ‘ജാതീയ ആക്രമണത്തിന് പ്രചോദനം’ നല്‍കിയെന്ന കള്ളക്കഥയുമായി പോപുലര്‍ഫ്രണ്ടിനെ കൂട്ടിക്കെട്ടാനും യുപി പോലിസ് ശ്രമിച്ചു.
എസ്.ടി.എഫ് കുറ്റവാളിയായ ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ മോചിപ്പിച്ച്, ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഹീന തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്നും പോപുലര്‍ ഫ്രണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു.പിയിലെ എസ്.ടി.എഫ് അറസ്റ്റ് ചെയ്തതായി യു. പി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
യു. പിയിലെ പ്രധാന സ്ഥലങ്ങളില്‍ അടക്കം ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും പ്രധാന ഹിന്ദു സംഘടനാ നേതാക്കളെ ലക്ഷ്യം വച്ചിരുന്നെന്നുമാണ് ഇവര്‍ക്കെതിരെ പൊലിസ് ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Popular Front asks for CBI investigation in the arrest of Popular front activists