കോഴിക്കോട്: എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികള്‍ സേവാഭാരതിയുടെ ആംബുലന്‍സിലാണ് രക്ഷപ്പെട്ടതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
’24 സ്ഥലങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നു എന്നാണ് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പേരെടുത്ത് പറഞ്ഞത്. ഇവിടെയെല്ലാം മുസ്‌ലിങ്ങള്‍ക്കെതിരെ കലാപങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ ഇതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. അതിനായി നുണ പ്രചാരണം നടത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ ആംബുലന്‍സില്‍ വന്ന് എസ്.ഡി.പി.ഐ കലാപമുണ്ടാക്കി എന്ന് പറയുന്നു. ഷാന്റെ മൃതദേഹം കൊണ്ടു പോയ ആംബുലന്‍സിനെ കുറിച്ചാണ് പറയുന്നതെന്നും എന്നാല്‍ ഷാന്റെ കൊലപാതകികള്‍ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലന്‍സിലാണെന്നും സത്താര്‍ ആരോപിച്ചു.
‘സേവാ ഭാരതിയുടെ ആംബുലന്‍സാണ് ആര്‍.എസ്.എസ് കലാപങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവയില്‍ ആയുധം കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പറവൂരിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആംബുലന്‍സില്‍ ബി.ജെ.പിക്കാര്‍ തോക്കുമായി വന്നു. ജനങ്ങള്‍ പിടിച്ച് പൊലീസിലേല്‍പ്പിക്കുകയാണ് ചെയ്തത്,’ സത്താര്‍ പറഞ്ഞു.
സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്ന കെ. സുരേന്ദ്രനെയും അതിന് ചുക്കാന്‍ പിടിക്കുന്ന വത്സന്‍ തില്ലങ്കേരിയെയും അറസ്റ്റു ചെയ്ത് ജയിലിടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഷാന്‍ വധക്കേസിലെ പ്രതികളെ സഹായിച്ച അഖില്‍ എന്നയാളെ പൊലീസ് പിടികൂടിയായിരുന്നു. പ്രതികളെ ആംബുലന്‍സിലെത്തി രക്ഷപ്പെടുത്തിയത് അഖിലാണെന്നാണ് സംശയം.
ഒരു ആംബുലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം ആലപ്പുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് വിജയ് സാഖറെ പറയുന്നത്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. രണ്ട് സംഘങ്ങളുടേയും ഒളിസങ്കേതങ്ങള്‍ ട്രേസ് ചെയ്ത് റെയ്ഡ് നടത്തുന്നുണ്ട്.
ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരം പുറത്തുവിടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിനെതിരെ ബി.ജെ.പിയും എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു. പൊലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്.ഡി.പി.ഐ ആരോപിച്ചത്.
കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ടെന്നും ഇരുവിഭാഗവും പറഞ്ഞു.
രണ്ടു കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും യോഗത്തിന് ശേഷം പറഞ്ഞിരുന്നത്.