| Wednesday, 28th September 2022, 8:50 am

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട എട്ട് അനുബന്ധ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍

പി.എഫ്.ഐയുടെ ചാരിറ്റി വിങ്ങാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍. ആര്‍.ഐ.എഫിന്റെ കേരള ഘടകമാണ് റിഹാബ് ഫൗണ്ടേഷന്‍ കേരള.

ഇന്ത്യയുടെ വടക്ക്- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ആര്‍.ഐ.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയ മലയാളികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ് എന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പി.എഫ്.ഐയുടെ മലപ്പുറത്ത് നിന്നുള്ള നേതാവ് അബ്ദുള്‍ റസാഖ് ബി.പിയാണ് ആര്‍.ഐ.എഫിനായി കേരളത്തില്‍ നിന്നും വിദേശത്ത് നിന്നും ഫണ്ട് സ്വരൂപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നും ഇ.ഡി കണ്ടെത്തിയതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇ.ഡി. പുറത്തുവിട്ട രേഖ പ്രകാരം 2009 മുതല്‍ 60 കോടിയിലധികം രൂപയാണ് പി.എഫ്.ഐയുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടതെന്നും ആര്‍.ഐ.എഫിന്റെ അക്കൗണ്ടിലേക്ക് മാത്രം 2010 മുതലിങ്ങോട്ട് 58 കോടി രൂപ എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍.ഐ.എഫിന്റെ പത്ത് ബാങ്ക് അക്കൗണ്ടുകളും ഇ.ഡി മരവിപ്പിച്ചിരുന്നു.

പി.എഫ്.ഐയുടെ അനുബന്ധ സംഘടനയായ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്‍.ജി.ഒ ആയാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയിലെ ബെംഗളൂരുവാണ് ഇതിന്റെ ആസ്ഥാനം.

ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്റ്റുഡന്റ്‌സ് വിങ്ങാണ് ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. 2009ലായിരുന്നു ക്യാംപസ് ഫ്രണ്ട് സ്ഥാപിതമായത്. ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ എം.എസ്. സാജിദാണ് ക്യാംപസ് ഫ്രണ്ടിന്റെ നിലവിലെ ദേശീയ പ്രസിഡന്റ്, അഷ്‌വാന്‍ സാദിഖാണ് ദേശീയ ജനറല്‍ സെക്രട്ടറി. ബെഗളൂരുവാണ് ക്യാംപസ് ഫ്രണ്ടിന്റെയും ആസ്ഥാനം.

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ന്യൂദല്‍ഹിയിലെ ഷഹീന്‍ബാഗിലാണ് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ (എ.ഐ.ഐ.സി) ആസ്ഥാനം.
ഇസ്‌ലാമിലെ ഉലമാ, ഇമാം, മുഅല്ലിമീന്‍ എന്നിങ്ങനെ മത പണ്ഡിതരുടെയും മത അധ്യാപകരുടെയും സംഘടനയാണ് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍.

മൗലാന അഹ്മദ് ബെഗ് നദ്‌വിയാണ് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ ദേശീയ പ്രസിഡന്റ്. മൗലാന ഷാഹുല്‍ ഹമീദ് ബഖ്‌വി, മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസ്മി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. മൗലാന ഫൈസല്‍ അഷ്‌റഫിയാണ് ജനറല്‍ സെക്രട്ടറി.

നാഷണല്‍ വിമന്‍സ് ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിങ്ങാണ് നാഷണല്‍ വിമന്‍സ് ഫ്രണ്ട്. 2009ല്‍ രൂപീകരിച്ച വിമന്‍സ് ഫ്രണ്ടിന്റെ നിലവിലെ ദേശീയ പ്രസിഡന്റ് ലുബ്‌ന മെന്‍ഹാസ് ഷെയ്ക്കാണ്, നൗഷിറ മുഹമ്മദാണ് ജനറല്‍ സെക്രട്ടറി. ഇരുവരും കര്‍ണാടക സ്വദേശികളാണ്. കോഴിക്കോടാണ് വിമന്‍സ് ഫ്രണ്ടിന്റെ ആസ്ഥാനം.

അതേസമയം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘനകളെയും നിരോധിച്ചിരിക്കുന്നത്.
നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

എന്‍.ഐ.എ നടപടിക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയും എന്‍.ഐ.എ റെയ്ഡും നടപടികളും തുടര്‍ന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും കൂടി ഉള്‍പ്പെട്ടതോടെ നിലവില്‍ 42ലധികം സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

Content Highlight: Popular Front affiliated organizations which got banned by central government

We use cookies to give you the best possible experience. Learn more