| Saturday, 29th August 2020, 8:38 am

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിലെത്തിച്ചു, പരാതികള്‍ കൂടുന്നു, വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇന്നലെ ദല്‍ഹിയില്‍ വെച്ച് പിടിയിലായ സ്ഥാപക ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയില്‍ എത്തിച്ചു.

നിക്ഷേപകരുടെ പരാതി ഏറി വരുന്ന സാഹചര്യത്തില്‍ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന. പത്തനം തിട്ടയ്ക്ക് പുറത്തു നിന്നും പരാതികള്‍ ഉയരുന്നുണ്ട്.

കോന്നിയില്‍ വ്യാപക പ്രതിഷേധമാണ് തട്ടിപ്പിനിരയായവര്‍ പദ്ധതിയിടുന്നത്. ഇന്ന് വാകയാറിലെ സ്ഥാപന ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ പത്തിനാണ് പ്രതിഷേധം. ആദ്യ ഘട്ടമെന്ന നിലയിലാണ് ഈ പ്രതിഷേധം.

തട്ടിപ്പിനിരയാവരുടെ പരാതി ദിനം പ്രതി ഉയര്‍ന്നു വരുന്നുണ്ട്. ആ സാഹചര്യത്തിലാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിടാന്‍ ആലോചിക്കുന്നത്. സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരുള്‍പ്പെടെ  പണം നിക്ഷേപിച്ചവരിലുണ്ട് ഇവരില്‍ പലരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

മുഴുവന്‍ ശാഖകളിലെയും കണക്ക് എടുത്താല്‍ മാത്രമേ എത്ര തുകയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാവൂ. ഇതിനിടെ പത്തനംതിട്ട സബ്‌കോടതിയില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍ നല്‍കിയ പാപ്പര്‍ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്ത മാസം ഏഴിന് ഹരജി വീണ്ടും പരിഗണിക്കും.

റോയി ഡാനിയേലിന്റെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെ വെള്ളിയാഴ്ചയാണ് ദല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇരുവരും പിടിയിലായത് .

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more