| Tuesday, 30th January 2024, 4:40 pm

സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാനുള്ള പ്രഖ്യാപനം ക്രമേണ എല്ലാവരും മനസിലാക്കും; വിമർശനത്തോട് പ്രതികരിച്ച് മാർപാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാൻ സിറ്റി: സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കാൻ പുരോഹിതർക്ക് നിർദേശം നൽകിയതിൽ ആഫ്രിക്കയിലെ കത്തോലിക്ക ബിഷപ്പുമാർ പ്രതിഷേധിക്കുന്നതിനെ കുറിച്ച് ഫ്രാൻസിസ് മാർപാപ്പ.

അത് ഒരു പ്രത്യേക സാഹചര്യമാണെന്നും സംസ്കാരവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ കൊണ്ടാണ് അവർ എതിർക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.

സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാനുള്ള പ്രഖ്യാപനത്തെ തുടർന്ന് വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇറ്റാലിയൻ ദിനപത്രം ലാ സ്റ്റാമ്പയോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.

കത്തോലിക്ക ചർച്ചിൽ അസാധുവായിരുന്ന ബന്ധങ്ങളെ അനുഗ്രഹിക്കാനുള്ള സാധ്യത തുറന്ന ‘ഫിഡൂസിയ സപ്ലിക്കൻസ്’ (Fiducia Supplicans) എന്ന പ്രഖ്യാപനം കഴിഞ്ഞ മാസമാണ് ഉണ്ടായത്. ഇതിൽ അവിവാഹിത കപ്പിൾസ്, പുനർവിവാഹം ചെയ്ത ദമ്പതികൾ, സ്വവർഗാനുരാഗ ദമ്പതികൾ തുടങ്ങിയവർ ഉൾപ്പെടുന്നു.

ഈ മാസം തുടക്കത്തിൽ ആഫ്രിക്കയിലെ കത്തോലിക്ക ചർച്ചുകളുടെ കൂട്ടായ്മയായ സിംപോസിയം ഓഫ് എപിസ്കോപൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്കർ (എസ്.ഇ.സി.എ.എം) മാർപാപ്പയുടെ തീരുമാനം അനുചിതമാണെന്ന് പറഞ്ഞിരുന്നു.

അത്തരം ആചാരങ്ങൾ അനുവദിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ആഫ്രിക്കൻ സമുദായങ്ങളിലെ സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും എസ്.ഇ.സി.എ.എം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ചർച്ചിന്റെ പരമ്പരാഗത മൂല്യങ്ങൾ മാറ്റുവാൻ സാധിക്കില്ലെന്ന് വാദവുമായി ബ്രിട്ടനിലെ ഒരു കൂട്ടം പുരോഹിതരും മാർപാപ്പയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

എന്നാൽ ആഫ്രിക്കൻ ജനത ഒഴികെയുള്ള തന്റെ തീരുമാനത്തെ എതിർക്കുന്നവർ ക്രമേണ മനസിലാക്കുമെന്ന് മാർപാപ്പ പറഞ്ഞു.

‘അതിശക്തമായി പ്രതിഷേധിക്കുന്നവർ ആശയപരമായ ചെറിയ ഗ്രൂപ്പുകളിൽ പെട്ടവരാണ്. ഒരു പ്രത്യേക കേസ് ആഫ്രിക്കൻ ജനതയാണ്. സംസ്കാരത്തിന്റെ വീക്ഷണത്തിൽ നിന്ന് സ്വവർഗാനുരാഗം അവരെ സംബന്ധിച്ചിടത്തോളം വളരെ മോശമാണ്, അവർ അത് സഹിക്കില്ല.

എന്നാൽ പൊതുവിൽ എല്ലാവരും ക്രമേണ പ്രഖ്യാപനം അംഗീകരിക്കും. അത് ഉൾച്ചേർക്കാൻ ഉദ്ദേശിച്ചുള്ളതാണ്, വിഭജിക്കാനല്ല,’ മാർപാപ്പ പറഞ്ഞു.

മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും സ്വവർഗാനുരാഗം ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Content Highlight: Pope responds to African protests against gay blessings

We use cookies to give you the best possible experience. Learn more