| Wednesday, 13th July 2022, 10:02 pm

ചരിത്രത്തിലാദ്യം; ബിഷപ്പുമാരുടെ ഉപദേശക സമിതിയിലേക്ക് സ്ത്രീകളെ നിയമിച്ച് മാര്‍പ്പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: ലോകത്തെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് ഉപദേശം നല്‍കുന്ന സമിതിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് സ്ത്രീകളെ തെരഞ്ഞെടുത്തു. ഇതില്‍ രണ്ട് കന്യാസ്ത്രീകളും ഒരു സാധാരണ സ്ത്രീയുമാണ് ഉള്‍പെടുന്നത്. വത്തിക്കാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ചരിത്രത്തിലാദ്യമായിട്ടാണ് ഈ സമിതിയിലേക്ക് സ്ത്രീകളെ തെരഞ്ഞെടുക്കുന്നത്. നേരെത്തെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടെഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പ്പാപ്പ സ്ത്രീകളെ ഉപദേശ സമിതിയിലേക്ക് തെരെഞ്ഞെടുക്കുന്നതിനെ പറ്റി വെളിപ്പെടുത്തിയിരുന്നു.

നിലവില്‍ വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറായ ഇറ്റലി സ്വദേശി സിസ്റ്റര്‍ റാഫേല്ല പെട്രിനി, മുന്‍ സുപ്പീരിയര്‍ ജനറലായ ഫ്രഞ്ച് കന്യാസ്ത്രീ യോവോണ്‍ റീങ്കോട്ട്, വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് പ്രസിഡന്റായ ഇറ്റാലിയന്‍ വംശജ മരിയ ലിയ സെര്‍വിനോ എന്നിവരെയാണ് ഉപദേശക സമിതിയിലേക്ക് മാര്‍പ്പാപ്പ നിയമിച്ചത്.

കന്യാസ്ത്രീകള്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളെ വത്തിക്കാനിലെ വിവിധ വകുപ്പുകളില്‍ ഉന്നത സ്ഥാനങ്ങളിലേക്ക് മാര്‍പ്പാപ്പ ഇതിന് മുന്‍പ് നിയമിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അലക്‌സാണ്ടറ സ്മെറില്ലിയെ കഴിഞ്ഞ വര്‍ഷം ക്രമസമാധാനം കൈകാര്യം ചെയ്യുന്ന വത്തിക്കാനിലെ ഡെവലപ്മെന്റ് ഓഫീസിലേക്ക് നിയമിച്ചിരുന്നു.

കൂടാതെ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുള്ള ലോക മെത്രാന്‍മാരുടെ പ്രധാന മീറ്റിംഗുകള്‍ തയ്യാറാക്കുന്ന ബിഷപ്പുമാരുടെ സെനഡിന്റെ അണ്ടര്‍സെക്രട്ടറിയായി സേവ്യര്‍ മിഷനറി സിസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് അംഗമായ നതാലി ബെക്വാര്‍ട്ടിനേയും മാര്‍പ്പാപ്പ തെരെഞ്ഞെടുത്തിരുന്നു. വത്തിക്കാന്‍ മ്യൂസിയത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി ബാര്‍ബറ ജട്ടയെയും, വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ക്രിസ്റ്റ്യാന്‍ മുറെയും മാര്‍പ്പാപ്പ നിയമിച്ചതും വാര്‍ത്തയായിരുന്നു.

Content Highlight : Pope names women to bishops advisory committee for first time

We use cookies to give you the best possible experience. Learn more