റോം: ലോകജനത ക്രിസ്മസിനെ വരവേല്‍ക്കുന്നതിനിടയില്‍ യേശുക്രിസ്തുവിന്റെ ജന്മദേശമാണെന്ന് വിശ്വസിക്കുന്ന ജെറുസലേമില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളില്‍ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകത്തിലെ റോമന്‍ കത്തോലിക്കരെ ക്രിസ്മസിലേക്ക് നയിച്ചപ്പോള്‍ യേശു ജനിച്ച മണ്ണില്‍ തന്നെ യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയാല്‍ യേശുവിന്റെ സമാധാന സന്ദേശം മുങ്ങിമരിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു.
‘ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങള്‍ ബെത്‌ലഹേമിലാണ്. ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയാല്‍ ബെത്ലഹേമില്‍ സമാധാനത്തിന്റെ രാജകുമാരന്‍ ഒരിക്കല്‍ കൂടി നിരസിക്കപ്പെട്ടു. ലോകത്ത് ഒരു ഇടം കണ്ടെത്തുന്നതില്‍ നിന്ന് ഇന്നും അവനെ സംഘര്‍ഷം തടയുന്നു,’ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍.
വിശുദ്ധ നാടിപ്പോള്‍ സംഘര്‍ഷത്തിലാണെന്നും ഗസയില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഫലസ്തീനിലെ സായുധ സേനയായ ഹമാസ് തടവിലാക്കിയ ബന്ദികളെ ഉടനെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ക്രിസ്തുമസ് ഈവ് കുര്‍ബാനയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറഴ്ച ബെത്ലഹേമില്‍ ക്രിസ്മസ് ഈവ് ആഘോഷങ്ങള്‍ക്ക് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസിനെ സ്വാഗതം ചെയ്യുന്ന ഒരു ഘോഷയാത്രയില്‍, ഫലസ്തീനിലെ സ്‌കൗട്ടിങ് വിദ്യാര്‍ത്ഥികള്‍ ഇസ്രഈല്‍ – ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍ ഉയര്‍ത്തുകയുണ്ടായി.
നിലവിലെ കണക്കുകള്‍ പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 20,424 ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയതായാണ് വ്യക്തമാവുന്നത്. 54,036 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതില്‍ 4,900 കുട്ടികളും ഉള്‍പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Pope Francis with his Christmas message