ബാഗ്ദാദ് : ചരിത്രസംഭവമായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇറാഖിലെ ഷിയ മുസ് ലിങ്ങളുടെ പരമോന്നത ആദ്ധ്യാത്മിക നേതാവായ അയത്തൊള്ള സിസ്താനിയുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിസ്താനി തന്നെയാണ് പുറത്തുവിട്ടത്. ഇറാഖിലെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ സുരക്ഷയെ കുറിച്ച് മാര്‍പാപ്പ സംസാരിച്ചുവെന്നും
സിസ്താനി അറിയിച്ചു.
‘മറ്റെല്ലാ ഇറാഖി പൗരന്മാരെയും പോലെ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് സമാധാനത്തിലും സുരക്ഷയിലും ജീവിക്കാനാകണകമെന്നും അവര്‍ക്ക് എല്ലാ ഭരണഘടനാവകാശങ്ങളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു,’ അയത്തൊള്ള സിസ്താനി പറഞ്ഞു.
ഇറാഖിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് വേട്ടയാടപ്പെടുന്നവരും ബലഹീനരുമായവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിന് അയത്തൊള്ള സിസ്താനിക്ക് നന്ദിയര്‍പ്പിക്കുന്നുവെന്ന് ചര്‍ച്ചക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പ്രതികരിച്ചു. 2003ലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നാലെ ഇറാഖിലെ ക്രിസ്ത്യന്‍ വിഭാഗര്‍ക്ക് നേരെ വ്യാപക അതിക്രമങ്ങള്‍ നടന്നിരുന്നു.
അമ്പത് മിനിറ്റോളം ചര്‍ച്ച നടത്തിയ ശേഷമാണ് ഇരുനേതാക്കളും പിരിഞ്ഞത്. ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പാ സന്ദര്‍ശനം നടത്തുന്നത്.
കൊവിഡ് വ്യാപനത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ആദ്യ വിദേശരാജ്യ സന്ദര്‍ശനം കൂടിയാണ് ഇറാഖിലേത്. കൊവിഡിന്റെയും മറ്റു സുരക്ഷാഭീഷണികളുടെയും പശ്ചാത്തലത്തില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ബാഗ്ദാദില്‍ ഒരുക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക