ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യ; അന്വേഷണത്തിന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ
World News
ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യ; അന്വേഷണത്തിന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 8:09 am

വത്തിക്കാന്‍: ഗസയിലെ വംശഹത്യയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വിദഗ്ധര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

മാര്‍പാപ്പയുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കി ഹെര്‍നാന്‍ റെയ്സ് അല്‍കെയ്ഡ് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ‘ഹോപ്പ് നെവര്‍ ഡിസപ്പന്റ്‌സ്: പില്‍ഗ്രിംസ് ടു എ ബെറ്റര്‍ വേള്‍ഡ്’ എന്നാണ്. ഇറ്റലിയിലെ ലാ സ്റ്റാമ്പാ ദിനപത്രത്തിലൂടെയാണ് ഈ പുസ്തകത്തെ കുറിച്ചും അതിലെ ഉള്ളടക്കത്തെ കുറിച്ചും മാര്‍പാപ്പ പറഞ്ഞത്.

ഗസയിലെ ഇസ്രഈല്‍ ആക്രമണത്തെ വംശഹത്യയെന്ന് പറയാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിദഗ്ധര്‍ പറയുന്നത് പ്രകാരം, ഗസയിലെ ആക്രമണങ്ങള്‍ക്ക് വംശഹത്യയുടെ സ്വഭാവമുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര നിയമങ്ങളുമായി വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതിയും ഗസയിലെ ആക്രമണങ്ങള്‍ വംശഹത്യ സ്വഭാവുള്ളതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലേഷ്യ, സെനഗല്‍, ശ്രീലങ്ക എന്നിവരടങ്ങുന്ന സമിതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇതിനുപിന്നാലെയാണ് ആഗോള തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഗസയിലെ അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഇതിനുമുമ്പും ഗസയില്‍ ഇസ്രഈല്‍ തുടരുന്ന ആക്രമണങ്ങളില്‍ മാര്‍പാപ്പ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ മരണങ്ങളും നാശവും എന്തിനുവേണ്ടിയെന്നും മാര്‍പാപ്പ ചോദിച്ചിരുന്നു.

‘യുദ്ധം എപ്പോഴും പരാജയമാണ്. പുഞ്ചിരിക്കാന്‍ മറന്ന യുദ്ധഭൂമിയിലെ കുട്ടികളുടെ കണ്ണുകളിലെ കഷ്ടപ്പാടുകള്‍ കാണേണ്ടതുണ്ട്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലെബനന് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണത്തിലും മാര്‍പാപ്പ പ്രതികരിച്ചിരുന്നു. ഇസ്രഈലിന്റേത് സൈനിക അധിപത്യമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിരോധം എല്ലായ്‌പ്പോഴും നടന്ന ആക്രമണത്തിന് ആനുപാതികമായി മാത്രമായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.

‘യുദ്ധം തന്നെ അധാര്‍മികമാണ്. എങ്കില്‍ പോലും ഇതിലും ധാര്‍മികമായ ചില നിയമങ്ങളുണ്ട്,’ മാര്‍പാപ്പ ചൂണ്ടിക്കാട്ടിയ വാക്കുകളാണിവ.

എന്നാല്‍ ആദ്യമായാണ് ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പരോക്ഷമായാണെങ്കിലും അദ്ദേഹം പറയുന്നത്. ഗസയിലെ ബന്ദികളുടെയും കുഞ്ഞുങ്ങളുടെയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരവധി തവണ അദ്ദേഹം തന്റെ രാജ്യാന്തര യാത്രകളില്‍ ഉടനീളം സംസാരിച്ചിട്ടുണ്ട്.

ഗസയിലെ നിലപാട് ഉള്‍പ്പെടെ വ്യക്തമാക്കുന്ന മാര്‍പാപ്പയുടെ പുസ്തകം 2025ലെ വാര്‍ഷിക ജൂബിലിക്ക് മുന്നോടിയായി പുറത്തിറക്കും.

നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈലിന്റെ ആക്രമണത്തില്‍ ഗസയില്‍ 43,846 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 103,740 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Pope Francis urges inquiry into Gaza genocide allegations