വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചയിലേറെയായി ന്യുമോണിയ ബാധിതനായ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്ന് ഡിസ്ചാർജ് ആവുമെങ്കിലും അദ്ദേഹത്തിന് രണ്ട് മാസത്തെ വിശ്രമം കൂടി ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ സംഘത്തിന്റെ തലവൻ പറഞ്ഞു.
88 കാരനായ ഫ്രാൻസിസ് മാർപ്പാപ്പയെ ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മാർപ്പാപ്പ വത്തിക്കാനിലേക്ക് മടങ്ങുമെങ്കിലും, അദ്ദേഹത്തിന്റെ അസുഖം പൂർണമായും സുഖപ്പെടാൻ ധാരാളം സമയമെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
പോപ്പിന് രണ്ട് മാസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും വലിയ ഗ്രൂപ്പുകളുമായി കൂടിക്കാഴ്ചകൾ നടത്തുന്നതോ ഒരുപാട് സമയവും ആയാസവും ആവശ്യമുള്ള യോഗങ്ങൾ നടത്തരുതെന്ന് ഉപദേശിച്ചതായും അവർ പറഞ്ഞു.
‘അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് മാസത്തെയെങ്കിലും വിശ്രമം അത്യാവശ്യമാണ്,’ മാർപ്പാപ്പയുടെ മെഡിക്കൽ സംഘത്തിന്റെ തലവൻ സെർജിയോ അൽഫിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇരട്ട ന്യുമോണിയ ബാധിച്ച് ആശുപത്രിയിലെത്തിയ മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്നും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ആൽഫിയേരി പറഞ്ഞു.
പോപ്പിന് ഇപ്പോൾ ന്യുമോണിയ ഇല്ല, എന്നാൽ അണുബാധയിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധയുമായി വളരെക്കാലം മല്ലിട്ട അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്നും ആൽഫിയേരി പറഞ്ഞു.
‘അദ്ദേഹത്തിന്റെ ശബ്ദം മുമ്പത്തെപ്പോലെയാകാൻ സമയമെടുക്കും,’ ആൽഫിയേരി പറഞ്ഞു.
അതേസമയം 37 ദിവസങ്ങൾക്ക് ശേഷം മാർപ്പാപ്പ ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്തേക്കും. ആശുപത്രിയിലെ ജനാലയിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ കാണുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. മാർപ്പാപ്പയുടെ ആവശ്യത്തെ തുടർന്നായിരുന്നു ഇത്. ആശുപത്രി ചാപ്പലിൽ മാർപ്പാപ്പ പ്രാർഥിക്കുന്ന ചിത്രം വത്തിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Content Highlight: Pope Francis to be discharged from hospital, with prescription for two months of rest