| Monday, 7th March 2022, 8:12 am

ഉക്രൈനിലേത് ഒരു സൈനിക ഓപ്പറേഷനല്ല: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: ഉക്രൈനില്‍ നടക്കുന്നത് ഒരു ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷനാണ്’ എന്ന റഷ്യയുടെ വാദത്തെ തള്ളി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഉക്രൈനിലേത് ഒരു സൈനിക സംഘര്‍ഷമല്ലെന്നും യുദ്ധം തന്നെയാണ് എന്നുമാണ് മാര്‍പ്പാപ്പ പ്രതികരിച്ചത്.

ഉക്രൈന്‍ യുദ്ധത്താല്‍ തകര്‍ക്കപ്പെട്ടു, എന്നും മാര്‍പ്പാപ്പ പറഞ്ഞു.

”ഉക്രൈനില്‍ കണ്ണീരിന്റെയും രക്തത്തിന്റെയും പുഴകള്‍ ഒഴുകുകയാണ്. ഇത് കേവലമൊരു മിലിറ്ററി ഓപ്പറേഷന്‍ മാത്രമല്ല.മരണവും നാശനഷ്ടങ്ങളും മറ്റ് കഷ്ടപ്പാടുകളും വിതക്കുന്ന യുദ്ധം തന്നെയാണ് ഇത്,” മാര്‍പ്പാപ്പ പറഞ്ഞു.

ഞായറാഴ്ച ദിവസം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൂടിയ ജനക്കൂട്ടത്തോട് സംസാരിക്കവെയായിരുന്നു മാര്‍പ്പാപ്പയുടെ ഉക്രൈന്‍- റഷ്യ വിഷയത്തിലെ പ്രതികരണം.

എന്നാല്‍ റഷ്യയെ മാര്‍പ്പാപ്പ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

ഉക്രൈന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ നടത്തണമെന്നും മാനുഷിക പരിഗണനയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

”ആ രക്തസാക്ഷി രാജ്യത്ത് മാനുഷിക സഹായങ്ങളുടെ ആവശ്യം ഓരോ മണിക്കൂറിലും വര്‍ധിച്ച് വരികയാണ്. സാമാന്യ ബോധമാണ് ഇവിടെ വേണ്ടത്.

അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതിലേക്ക് നമ്മള്‍ തിരിച്ച് പോകേണ്ടതുണ്ട്. യുദ്ധം ഭ്രാന്താണ്. ദയവായി ഇത് അവസാനിപ്പിക്കൂ,” മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

മാര്‍പ്പാപ്പയുടെ പ്രതികരണത്തെ വത്തിക്കാനിലെ ഉക്രൈന്‍ അംബാസിഡര്‍ സ്വാഗതം ചെയ്തു.

”അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചു എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,” അംബാസിഡര്‍ ആന്‍ഡ്രി യുരഷ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.


Content Highlight: Pope Francis says Ukraine conflict is not a military operation but a war

We use cookies to give you the best possible experience. Learn more