| Thursday, 6th January 2022, 12:48 pm

കുട്ടികള്‍ക്ക് പകരം ഇന്ന് ചിലര്‍ക്ക് പട്ടിയെയും പൂച്ചയെയും മതി; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവരില്‍ അതൃപ്തിയുളവാക്കുന്ന പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനില്‍ കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മൃഗങ്ങലെ വളര്‍ത്തുന്നതിനെക്കുറിച്ചും രക്ഷാകര്‍തൃത്വത്തെക്കുറിച്ചും മാര്‍പ്പാപ്പ സംസാരിച്ചത്.

ചിലപ്പോള്‍ സമൂഹത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കുട്ടികളെക്കാള്‍ അധികം പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും ഇത് മനുഷ്യത്വത്തില്‍ നിന്നും നമ്മെ അകറ്റുന്ന സമീപനമാണെന്നുമാണ് മാര്‍പ്പാപ്പ സന്ദേശത്തില്‍ പറഞ്ഞത്.

കുട്ടികള്‍ക്ക് പകരമായി മൃഗങ്ങളെ വളര്‍ത്തുന്നത് ഒരുതരം സ്വാര്‍ത്ഥതയാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചു.

”വളര്‍ത്തുമൃഗങ്ങള്‍ ചില സമയങ്ങളില്‍ സമൂഹത്തില്‍ കുട്ടികളുടെ സ്ഥാനം ഏറ്റെടുക്കുന്നു. ഇന്ന് നമ്മള്‍ ഒരുതരം സ്വാര്‍ത്ഥതയാണ് കാണുന്നത്.

ഇന്ന് ചിലര്‍ കുട്ടികളുണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ കുട്ടികളുടെ സ്ഥാനത്ത് അവര്‍ക്ക് പട്ടികളും പൂച്ചകളുമുണ്ട്. ഇത് ആളുകളില്‍ ചിരിയുണര്‍ത്താം പക്ഷെ ഇതാണ് യാഥാര്‍ത്ഥ്യം.

ഈ രീതി പിതൃത്വത്തെയും മാതൃത്വത്തെയും നിഷേധിക്കുന്ന നീക്കമാണ്. അത് നമ്മെ മാനവികതയില്‍ നിന്നും അകറ്റും,” മാര്‍പ്പാപ്പ പറഞ്ഞു.

മൃഗസ്‌നേഹികളെ കളിയാക്കുന്നതോ ചൊടിപ്പിക്കുന്നതോ ആയ പരാമര്‍ശമാണ് മാര്‍പ്പാപ്പ നടത്തിയതെന്നും വിലയിരുത്തലുണ്ട്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ചില കൂട്ടായ്മകള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

”ഞങ്ങളുടെ ജീവിതത്തില്‍ സ്‌നേഹം ലിമിറ്റഡ് അളവിലാണ് എന്ന് മാര്‍പ്പാപ്പ ചിന്തിച്ചതില്‍ അത്ഭുതം തോന്നുന്നു,” ഇറ്റലിയിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ആനിമല്‍സ് സംഘടന പ്രതികരിച്ചു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പല മൃഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട്. പട്ടികള്‍ക്കും പുലിക്കുട്ടിക്കുമൊപ്പമുള്ളതും ആട്ടിന്‍കുട്ടിയെ തോളിലേറ്റിയതുമായ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pope Francis says people who substitute pets for kids exhibit a certain selfishness, irked animal lovers

We use cookies to give you the best possible experience. Learn more