വത്തിക്കാന്‍: സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമങ്ങളെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇത്തരം നിയമങ്ങള്‍ അനീതിയാണെന്നും ദൈവം തന്റെ എല്ലാ മക്കളെയും അവരെങ്ങനെയാണോ അതുപോലെ തന്നെ സ്‌നേഹിക്കുന്നുവെന്നും മാര്‍പ്പാപ്പ പറഞ്ഞു.
സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന നിയമങ്ങളെ പിന്തുണക്കുന്ന കത്തോലിക്കാ ബിഷപ്പുമാരോട് എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍ പെട്ട ആളുകളെ സഭയിലേക്ക് സ്വാഗതം ചെയ്യാനും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
”സ്വവര്‍ഗാനുരാഗികളാകുന്നത് ഒരു കുറ്റകൃത്യമല്ല. ദൈവം എല്ലാ മക്കളെയും ഒരുപോലെ സ്‌നേഹിക്കുന്നു,” മാര്‍പ്പാപ്പ പറഞ്ഞു.
എല്ലാവരുടെയും അന്തസ്സ് മനസിലാക്കുന്നതിന് വേണ്ടി ഒരു മാറ്റത്തിന്റെ പ്രക്രിയയ്ക്ക് ബിഷപ്പുമാര്‍ വിധേയരാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
”സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന നിയമങ്ങളെ പിന്തുണക്കുന്ന ഈ ബിഷപ്പുമാര്‍ക്ക് സ്വയം പരിവര്‍ത്തന പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.
അവര്‍ കൂടുതല്‍ ആര്‍ദ്രത കാണിക്കേണ്ടതുണ്ട്. ദൈവം നമ്മളോരോരുത്തര്‍ക്കും അത് നല്‍കിയിട്ടുണ്ട്, അത് പ്രയോഗിക്കണം,” അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കുന്ന, എല്‍.ജി.ബി.ടി.ക്യു സമൂഹത്തോട് വിവേചനം കാണിക്കുന്ന നിയമങ്ങളെ പിന്തുണക്കുന്നുവെന്ന് സമ്മതിച്ച മാര്‍പ്പാപ്പ, അത്തരം മനോഭാവങ്ങള്‍ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്ന് ഉണ്ടായതാണെന്നും കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടും രാജ്യങ്ങളും ജൂറിസ്ഡിക്ഷനുകളുമടക്കം ഏകദേശം 67 ഇടങ്ങളില്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ടെന്നാണ് ദി ഹ്യൂമന്‍ ഡിഗ്‌നിറ്റി ട്രസ്റ്റ് (The Human Dignity Trust) പറയുന്നത്.
ഇതില്‍ 11 രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗികതക്ക് വധശിക്ഷ നല്‍കാവുന്ന തരത്തിലാണ് നിയമം.
പല രാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ നടപ്പാവുന്നില്ലെങ്കിലും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കെതിരായ പീഡനത്തിനും അക്രമത്തിനും മറ്റ് ചൂഷണങ്ങള്‍ക്കും ഈ നിയമങ്ങള്‍ കാരണമാകുന്നുണ്ടെന്നും ഹ്യൂമന്‍ ഡിഗ്‌നിറ്റി ട്രസ്റ്റ് പറയുന്നു.
Content Highlight: Pope Francis says homosexuality is not a crime and all are children of God