വത്തിക്കാന്‍: ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഉത്തര കൊറിയയില്‍ നിന്നും ക്ഷണം ലഭിക്കുന്ന പക്ഷം സന്ദര്‍ശനം നടത്തുമെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്.
സന്ദര്‍ശനത്തിന് ഉത്തര കൊറിയ തന്നെ ക്ഷണിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെടുന്നു.
ദക്ഷിണ കൊറിയന്‍ മാധ്യമമായ കെ.ബി.എസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
”അവര്‍ എന്നെ ക്ഷണിച്ചാലുടന്‍ ഞാന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കും. അവര്‍ എന്നെ തീര്‍ച്ചയായും ക്ഷണിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ ഒരിക്കലും അത് നിരസിക്കില്ല,” വ്യാഴാഴ്ച പുറത്തുവന്ന ഒരു അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായി കെ.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.
സന്ദര്‍ശനം നടക്കുകയാണെങ്കില്‍ ഒരു മാര്‍പ്പാപ്പയുടെ ആദ്യത്തെ ഉത്തര കൊറിയ സന്ദര്‍ശനമായിരിക്കുമിത്.
ഒറ്റപ്പെട്ട് കിടക്കുന്ന, കിങ് ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണത്തിന് കീഴിലുള്ള ഉത്തര കൊറിയയിലെ പൗരന്മാരില്‍ എത്ര കാത്തലിക് വിശ്വാസികളുണ്ടെന്നോ അവരുടെ വിശ്വാസരീതി എങ്ങനെയാണെന്നോ വ്യക്തമല്ല.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ നോര്‍ത്ത് കൊറിയ സന്ദര്‍ശിക്കണമെന്ന് ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ (Moon Jae-in) നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2018ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു മൂണ്‍ ജെ-ഇന്‍ ഈ ആവശ്യമുന്നയിച്ചത്.