വത്തിക്കാന്‍: ഇക്കാലത്തെ ഏറ്റവും മോശമായ പ്രത്യയശാസ്ത്രമാണ് ലിംഗ സിദ്ധാന്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലിംഗഭേദവും വ്യത്യാസങ്ങളും ലോകത്ത് നിന്ന് ഇല്ലാതാക്കുന്നത് മനുഷ്യരാശിക്ക് ഭീഷണിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ നടന്ന ‘പുരുഷന്‍-സ്ത്രീ: ദൈവത്തിന്റെ പ്രതിച്ഛായ’ എന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കവെയാണ് മാര്‍പാപ്പയുടെ വിവാദ പരാമര്‍ശം.
പ്രസ്തുത സെമിനാറിനും കൂടിക്കാഴ്ചയ്ക്കും ഒരുപാട് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ, ലിംഗപരമായ പ്രത്യയശാസ്ത്രം അപകടകരമായ ഒന്നാണെന്നും അത് വ്യത്യാസങ്ങളെ ഇല്ലാതാക്കുന്നുവെന്നും പറഞ്ഞു. ലോകത്തിലെ സ്ത്രീയും പുരുഷനും എപ്പോഴും സമര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ വ്യത്യാസങ്ങള്‍ റദ്ദാക്കുക എന്നതിനര്‍ത്ഥം മാനവികതയെ ഇല്ലാതാക്കുക എന്നാണെന്ന അവകാശ വാദവും മാര്‍പാപ്പ ഉയര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ ദമ്പതികള്‍ക്ക് പള്ളിയില്‍ നിന്ന് അനുഗ്രഹം ലഭിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമ രൂപരേഖ മാര്‍പാപ്പ പ്രസിദ്ധീകരിക്കുകയുണ്ടായി. വലിയ പിന്തുണയാണ് സഭയുടെ ഈ തീരുമാനത്തിന് ലഭിച്ചത്. സഭയുടെ തീരുമാനം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായമാകുമെന്ന് എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന നിയമങ്ങളെ പിന്തുണക്കുന്ന കത്തോലിക്കാ ബിഷപ്പുമാരോട് എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ട ആളുകളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്ന് മാര്‍പാപ്പ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സ്വവര്‍ഗാനുരാഗികളാകുന്നത് ഒരു കുറ്റകൃത്യമല്ലെന്നും ദൈവം എല്ലാ മക്കളെയും ഒരുപോലെ സ്‌നേഹിക്കുന്നുവെന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു. സഭയിലെ പുരോഹിതര്‍ നിയമങ്ങള്‍ അനുസരിക്കാത്തവരടക്കമുള്ള എല്ലാവരോടും സ്നേഹത്തോടെയും ക്ഷമയോടും കൂടി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ പിന്തുണക്കുന്ന നീക്കം മാര്‍പാപ്പയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടുകളും മാര്‍പാപ്പ എടുത്തിട്ടുണ്ട്. എന്നാല്‍ നിലവിലെ പരാമര്‍ശം എല്‍.ജി.ബി.ടി.ക്യു സമുദായത്തിന് എതിരായ ഒന്നാണ്.
Content Highlight: Pope Francis says gender theory is the worst ideology of our time