| Saturday, 13th December 2014, 11:28 am

'സന്മനസ്സുള്ള മൃഗങ്ങള്‍ക്കും സ്വര്‍ഗം കിട്ടും' മാര്‍പ്പാപ്പയുടെ പ്രസ്താവന സസ്യഭോജനത്തെ പ്രോത്സാഹിപ്പിക്കുന്നതോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: സന്മനസ്സുള്ള മൃഗങ്ങള്‍ക്കും സ്വര്‍ഗം കിട്ടുമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രസ്താവന ചര്‍ച്ചയാവുന്നു. ഓമനിച്ചു വളര്‍ത്തിയ പട്ടി ചത്തതില്‍ ദു:ഖിച്ചിരുന്ന കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടാണ് പോപ്പ് ഇങ്ങനെ പറഞ്ഞത്.

” ഒരിക്കല്‍, നമുക്ക് കാണാനാവും ക്രിസ്തുവിന്റെ സന്നിധിയില്‍ നമ്മുടെ മൃഗങ്ങളെയും. സ്വര്‍ഗം ദൈവത്തിന്റെ എല്ലാ സൃഷ്ടികള്‍ക്കുവേണ്ടിയും തുറന്നിരിക്കുകയാണ്. ” സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജനതയെ അഭിസംബോധന ചെയ്തു പോപ്പ് പറഞ്ഞു.

” എല്ലാ ജീവികള്‍ക്കു മുമ്പിലും സ്വര്‍ഗ കവാടം തുറക്കപ്പെട്ടിരിക്കുന്നു. അവിടെ സന്തോഷവും ദൈവത്തോടുള്ള സ്‌നേഹവും നിറഞ്ഞിരിക്കുന്നു.” പോപ്പ് വ്യക്തമാക്കി.

മൃഗസംരക്ഷക സംഘടനകള്‍ പോപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. മൃഗങ്ങള്‍ക്ക് ആത്മാവില്ലാത്തതിനാല്‍ അവര്‍ക്ക് സ്വര്‍ഗരാജ്യം സാധ്യമല്ലെന്ന കത്തോലിക്ക ദൈവമീമാംത്സയ്‌ക്കെതിരാണ് പോപ്പിന്റെ അഭിപ്രായ പ്രകടനങ്ങളെന്ന് സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സസ്യഭോജനത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പോപ്പിന്റെ പ്രസ്താവനയുടെ ലക്ഷ്യമെന്നാണ് ചില ആക്ടിവിസ്റ്റുകളുടെ അഭിപ്രായം. പന്നിയിറച്ചി ആഹാരമാക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണിതെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇതിനെതിരെ പന്നിയിറച്ചി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. സസ്യഭോജനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് മാര്‍പ്പാപ്പയുടെ പ്രസ്താവനയെന്നത് തെറ്റായ വ്യഖ്യാനമാണെന്നാണ് അവര്‍ പറയുന്നത്. മാര്‍പ്പാപ്പയുടെ പ്രസ്താവന പന്നിയിറച്ചി കഴിക്കുന്നത് പാപമാണെന്ന് അര്‍ത്ഥം വയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത ക്രൈസ്തവ ധാരണകളെ തിരുത്തി മാര്‍പ്പാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു. സ്വവര്‍ഗാനുരാഗത്തെയും അവിവാഹിത ദമ്പതികളെയും വിവാഹമോചനം നടത്തിയവരെയും അംഗീകരിക്കുന്ന സമീപനമായിരുന്നു മാര്‍പ്പാപ്പയുടേത്. പരിണാമ സിദ്ധാത്തത്തെ അംഗീകരിച്ച പോപ്പ് നിരീശ്വരവാദികള്‍ സ്വര്‍ഗത്തിലെത്താന്‍ ദൈവത്തില്‍ വിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more