| Saturday, 14th September 2024, 10:56 am

യു.എസ് തെരഞ്ഞെടുപ്പില്‍ താരതമ്യേന തിന്മ കുറഞ്ഞവരെ വിജയിപ്പിക്കണം: മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പില്‍ യു.എസിലെ കത്തോലിക്കാ സഭാ വിശ്വാസികളോട് താരതമ്യേന തിന്മ കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ സഭ അധ്യക്ഷന്‍ ഫ്രാന്‍സിസ് മര്‍പാപ്പ. പേരെടുത്ത് പറയാതെ രണ്ട് സ്ഥാനാര്‍ത്ഥികളെയും വിമര്‍ശിച്ച മാര്‍പാപ്പ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ ഏവരോടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ട്രംപും കമല ഹാരിസും കുടിയേറ്റ നിയന്ത്രണം, ഗര്‍ഭച്ഛിദ്രം എന്നീ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളില്‍ രൂക്ഷമായ വിമര്‍ശനവും മാര്‍പാപ്പ രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് ഗുരുതരമായ പാപമാണെന്ന് പറഞ്ഞ മാര്‍പാപ്പ ഗര്‍ഭച്ഛിദ്രം കൊലപാതകത്തിന് തുല്യമാണെന്നും പറയുകണ്ടായി. എന്നിരുന്നാലും എല്ലാവരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

‘ഇലക്ഷനില്‍ നിങ്ങള്‍ തിന്മ കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കണം. ആരാണ് ചെറിയ തിന്മയുള്ള വ്യക്തി? ആ സ്ത്രീയോ അതോ ആ മാന്യനോ? എനിക്കറിയില്ല. കുടിയേറ്റക്കാരെ തുരത്തുന്നവനായാലും കുട്ടികളെ കൊല്ലുന്നവരായാലും രണ്ടും ജീവിക്കാനുള്ള അവകാശത്തിനെതിരാണ്.

അതിനാല്‍ എല്ലാവരും സ്വന്തം മനസാക്ഷിക്കനുസരിച്ച് ഈ കാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. വോട്ടുചെയ്യാതെയിരിക്കുക എന്നത് തികച്ചും മോശമാണ്. അത് ശരിയല്ല. അതിനാല്‍ നിങ്ങള്‍ എല്ലാവരും വോട്ട് ചെയ്യണം, മാര്‍പാപ്പ് പറഞ്ഞു.

നവംബര്‍ അഞ്ചിന് തെരഞ്ഞൈടുപ്പ് നടക്കാനിരിക്കെ കത്തോലിക്കാ മതാധ്യക്ഷന്‍ നടത്തിയ ഈ പ്രസ്താവന ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം പെന്‍സില്‍വാനിയയില്‍ വെച്ച് നടന്ന സംവാദത്തില്‍ ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് കമല ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു.

കൂടാതെ കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെ എപ്പോഴും വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്ന ട്രംപും മാര്‍പാപ്പയുടെ വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്. ഗര്‍ഭച്ഛിദ്രം, കുടിയേറ്റ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്ന മാര്‍പാപ്പ സമ്പന്ന രാജ്യങ്ങളുടെ മുന്‍നിര വിമര്‍ശകരില്‍ ഒരാളായാണ് കണക്കാക്കുന്നത്.

യു.എസില്‍ ഏകദേശം 52 ദശലക്ഷം കത്തോലിക്ക സഭാ വിശ്വാസികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരുംപെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അടുത്തിടെ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വയില്‍ യു.എസ് കത്തോലിക്കരില്‍ 52 ശതമാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 44 ശതമാനം കത്തോലിക്കരുടെ പിന്തുണയുമാണുള്ളത്.

തെക്കുകിഴക്കന്‍ ഓഷ്യാനിയയിലേയും ഏഷ്യയിലേയും 12 ദിവസത്തെ പര്യാടനത്തിന് ശേഷം തിരികെ റോമിലേക്കുള്ള യാത്രയിലാണ് മാര്‍പാപ്പ. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ഗസയിലെ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറില്‍ പുരോഗതിയില്ലാത്തതിനെ മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു.

Content Highlight: Pope Francis says choose ‘lesser evil’ in coming US election to Catholics

Latest Stories

We use cookies to give you the best possible experience. Learn more