റോം: നല്ല റോമന്‍ കത്തോലിക്കക്കാര്‍ക്ക് മുയലിനെപ്പോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കുഞ്ഞുങ്ങളെ അധികമായി ജനിപ്പിക്കുന്നതിനു പകരം ഉത്തരവാദിത്തത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്തുകയാണു വേണ്ടതെന്നും പോപ്പ് പറഞ്ഞു.
ഫിലിപ്പീന്‍ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചുവന്നതിനു തൊട്ടുപിന്നാലെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം. ഫിലിപ്പീന്‍സില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച തെരുവുകുഞ്ഞുങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം കൃത്രിമ ജനനനിയന്ത്രണ സംവിധാനങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. പുതിയ ജീവന്‍ എന്നതു “വിവാഹത്തിന്റെ വാഗ്ദാനങ്ങളുടെ ഭാഗമാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ജനസംഖ്യാ വിദഗ്ധര്‍ പറയുന്നത് ഒരു കുടുംബത്തിനു മൂന്നു കുട്ടികള്‍ വരെ മതിയെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃത്രിമ ഗര്‍ഭനിരോധനത്തിന് നിങ്ങള്‍ എതിരായതിനാല്‍ തങ്ങള്‍ക്കു വളര്‍ത്താനാവുന്നതിനേക്കാള്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളോട് എന്താണു പോപ്പിനു പറയാനുള്ളതെന്നു മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോടു ചോദിക്കുകയായിരുന്നു.
പോപ്പിന്റെ മറുപടി ഇതായിരുന്നു-” ചിലയാളുകള്‍ ചിന്തിക്കുന്നത്-ഞാന്‍ ഇങ്ങനെ പറയുന്നത് ക്ഷമിക്കണം-നല്ല കത്തോലിക്കരാകണമെങ്കില്‍ നമ്മള്‍ മുയലുകളെപ്പോലെയാവണമെന്നാണ്.”
“അങ്ങനെയല്ല. കുട്ടികളെ മികച്ചരീതിയില്‍ വളര്‍ത്തുകയെന്നതാണു ഉത്തരവാദിത്തം. ഇതു വ്യക്തമാണ്.” തങ്ങള്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ മാത്രം മതിയെന്നു ഉറപ്പുവരുത്താന്‍ കത്തോലിക് ചര്‍ച്ച് അനുവദിക്കുന്ന നിരവധി മാര്‍ഗങ്ങളുണ്ടെന്ന് തനിക്കറിയാമെന്നും പോപ്പു പറഞ്ഞു.
ഒരു യുവതിയുടെ ഉദാഹരണം അദ്ദേഹം എടുത്തു പറയുകയും ചെയ്തു. സിസേറിയനിലൂടെ ഏഴു കുട്ടികള്‍ക്കു ജന്മം നല്‍കിയ യുവതിയെ കണ്ടിരുന്നു. അവര്‍ എട്ടാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. നിരുത്തരവാദപരമായ ഗര്‍ഭമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
“ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ ദൈവം നമുക്ക് ഉത്തരവാദിതമുണ്ടാവാനുള്ള മാര്‍ഗമാണു നല്‍കുന്നത്” പോപ്പ് പറഞ്ഞു.
എന്നാല്‍ പാവങ്ങളെ സംബന്ധിച്ച് ഒരു കുഞ്ഞ് എന്നത് മാതാവിനും പിതാവിനും നിധിയാണ്. കുടുംബങ്ങളില്‍ അതിനു പുറത്തുള്ള ഒരു സ്ഥാപനവും അവരുടെ കാഴ്ചപ്പാടുകള്‍ അടിച്ചമര്‍ത്താന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനനനിയന്ത്രണം, സ്വവര്‍ഗ അവകാശം എന്നിവയുമായി ബന്ധപ്പെട്ട പുരോഗമന, പടിഞ്ഞാറന്‍ ആശയങ്ങള്‍ സംഘടനകളും, സ്ഥാപനങ്ങളും രാഷ്ട്രങ്ങളും പലപ്പോഴും വികസനത്തിനുള്ള അവസ്ഥയാക്കി നടപ്പിലാക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.