| Sunday, 16th May 2021, 9:53 pm

കുട്ടികളടക്കമുള്ള നിരപരാധികളുടെ മരണം അംഗീകരിക്കാനാകില്ല; ഇസ്രാഈലിലെയും ഗാസയിലെയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: ഇസ്രാഈലിലെയും ഗാസയിലെയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശാന്തതയോടുകൂടി ആയുധങ്ങളുടെ ആരവം അവസാനിപ്പിക്കണമെന്നും സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘കുട്ടികളടക്കം സമീപകാലത്ത് നിരപരാധികളായ നിരവധി പേരുടെ മരണം അംഗീകരിക്കാനാവില്ല. നിരപരാധികളായ നിരവധി ആളുകള്‍ മരിച്ചു, അവരില്‍ കുട്ടികളും ഉണ്ട്. ഇത് ഭയങ്കരമാണ്,’ മാര്‍പാപ്പ പറഞ്ഞു.

കൂടാതെ ഇസ്രാഈലികളും ഫലസ്തീനികളും സംഭാഷണത്തിന്റെയും ക്ഷമയുടെയും പാത കണ്ടെത്തുന്നതിന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് തലവന്‍ ആര്‍ച്ച്ബിഷപ്പ് അടല്ല ഹന്ന രംഗത്തെത്തിയിരുന്നു. അല്‍ അഖ്സയിയ്ക്ക് ചുറ്റിലും അകത്തും നടത്തിയ യാത്രക്കിടെ കീഴടങ്ങാന്‍ തയ്യാറല്ലാത്ത നിരവധി ധീരന്മാരെ താന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കാനായി മുസ്ലിങ്ങളൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ക്രിസ്ത്യാനികളോട് ഫലസ്തിനിലെ കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ മാനുവല്‍ മുസല്ലയും ആവശ്യപ്പെട്ടിരുന്നു.

‘യുദ്ധത്തില്‍ ഫലസ്തീന്‍ ജനത്തോടൊപ്പമില്ലാത്ത ആര്‍ക്കും സമാധാനത്തോടെ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയില്ല. നമുക്ക്(ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും) ഒരു നാഗരികതയും ഒരു സംസ്‌ക്കാരവുമാണ്. ഈ പുണ്യഭൂമിയില്‍ നമ്മള്‍ ഒരു ജനതയാണ്. മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കാനായി മുസ്ലീങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ക്രിസ്ത്യാനികളോട് അഭ്യര്‍ഥിക്കുന്നു,’ 82 കാരനായ പുരോഹിതന്‍ ഫാദര്‍ മാനുവല്‍ മുസല്ല ഫേസ്ബുക്കിലൂടെ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 39 കുട്ടികളടക്കം 140ഓളം പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഇസ്രാഈല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights :Pope Francis has called for an end to the conflict in Israel and Gaza

We use cookies to give you the best possible experience. Learn more