വത്തിക്കാന്‍: ഇസ്രാഈലിലെയും ഗാസയിലെയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശാന്തതയോടുകൂടി ആയുധങ്ങളുടെ ആരവം അവസാനിപ്പിക്കണമെന്നും സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘കുട്ടികളടക്കം സമീപകാലത്ത് നിരപരാധികളായ നിരവധി പേരുടെ മരണം അംഗീകരിക്കാനാവില്ല. നിരപരാധികളായ നിരവധി ആളുകള്‍ മരിച്ചു, അവരില്‍ കുട്ടികളും ഉണ്ട്. ഇത് ഭയങ്കരമാണ്,’ മാര്‍പാപ്പ പറഞ്ഞു.
കൂടാതെ ഇസ്രാഈലികളും ഫലസ്തീനികളും സംഭാഷണത്തിന്റെയും ക്ഷമയുടെയും പാത കണ്ടെത്തുന്നതിന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് തലവന്‍ ആര്‍ച്ച്ബിഷപ്പ് അടല്ല ഹന്ന രംഗത്തെത്തിയിരുന്നു. അല്‍ അഖ്സയിയ്ക്ക് ചുറ്റിലും അകത്തും നടത്തിയ യാത്രക്കിടെ കീഴടങ്ങാന്‍ തയ്യാറല്ലാത്ത നിരവധി ധീരന്മാരെ താന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞു.