| Sunday, 1st March 2020, 4:59 pm

ഒടുവില്‍ മാര്‍പാപ്പയുടെ തീരുമാനം: റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍നിന്നും പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗംചെയ്ത മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരിയെ മാര്‍പ്പാപ്പ പുറത്താക്കി. മാര്‍പാപ്പയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് മാനന്തവാടി രൂപത അറിയിച്ചു.

പുരോഹിത സ്ഥാനത്തുനിന്നും ചുമതലകളില്‍നിന്നും റോബിന്‍ വടക്കുംചേരിയെ പുറത്താക്കുകയാണെന്ന് സഭ അറിയിക്കുകയായിരുന്നു.

കേസില്‍ റോബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനന്തവാടി രൂപതാധ്യക്ഷന്‍ അദ്ദേഹത്തെ 2017ല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കേസില്‍ റോബിന് ഇരുപത് വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും തലശ്ശേരി പോക്സോ കോടതി വിധിച്ചിരുന്നു.

പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും രണ്ടു ദിവസത്തിനകം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇതിനിടെ കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു.സ്വന്തം താത്പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുംചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more