സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; ഈ മാസം ഉക്രൈനും റഷ്യയും സന്ദര്‍ശിച്ചേക്കും
World News
സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; ഈ മാസം ഉക്രൈനും റഷ്യയും സന്ദര്‍ശിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th July 2022, 8:47 am

റോം: സ്ഥാനമൊഴിയാനൊരുങ്ങുന്നു എന്ന തരത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

ഈ മാസാവസാനം കാനഡ സന്ദര്‍ശനത്തിന് പിന്നാലെ ഉക്രൈനും റഷ്യയും സന്ദര്‍ശിച്ചേക്കുമെന്നും മാര്‍പ്പാപ്പ സൂചന നല്കി. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണം.

ഒരു പ്ലാന്‍ഡ് റിട്ടയര്‍മെന്റ് അനൗണ്‍സ് ചെയ്യുക എന്ന ചിന്ത തന്റെ മനസില്‍ ഒരിക്കലും വന്നിട്ടില്ലെന്നും എന്നാല്‍ പോപ് ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ ചെയ്തത് പോലെ ഒരു ദിവസം സ്ഥാനത്ത് നിന്നും ഒഴിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് മാര്‍പ്പാപ്പയുടെ കാനഡ സന്ദര്‍ശനം. ഇതിന് പിന്നാലെ കീവും മോസ്‌കോയും സന്ദര്‍ശിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

കാല്‍മുട്ടിന് പ്രശ്‌നങ്ങളുള്ളതിനാല്‍ ഒരു മാസത്തിലധികമായി വീല്‍ ചെയറിലാണെന്നും ചികിത്സയിലൂടെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഈയാഴ്ച കോംഗോ, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്താനിരിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം യാത്ര മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഉക്രൈന്‍- റഷ്യ വിഷയത്തില്‍ നേരത്തെ തന്നെ മാര്‍പ്പാപ്പ നിരവധി പ്രതികരണങ്ങള്‍ നടത്തിയിരുന്നു.

ഉക്രൈനില്‍ നടക്കുന്നത് ഒരു ‘സ്പെഷ്യല്‍ മിലിറ്ററി ഓപ്പറേഷനാണ്’ എന്ന റഷ്യയുടെ വാദത്തെ തള്ളിയ മാര്‍പ്പാപ്പ ഉക്രൈനിലേത് ഒരു സൈനിക സംഘര്‍ഷമല്ലെന്നും യുദ്ധം തന്നെയാണെന്നുമായിരുന്നു പറഞ്ഞത്.

എന്നാല്‍ അദ്ദേഹം റഷ്യയുടെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല.

ഉക്രൈന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തണമെന്നും മാനുഷിക പരിഗണനയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിരുന്നു.

ഉക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ നേതാക്കളിലൊരാളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ‘നാറ്റോ റഷ്യയെ അവരുടെ വാതില്‍ക്കല്‍ വന്ന് മനപൂര്‍വം ആക്രമണോത്സുകമായി പെരുമാറി പ്രകോപിപ്പിക്കുകയാണെന്ന്’ അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും പോപ്പ് പറഞ്ഞിരുന്നു. ഒരുപക്ഷേ നാറ്റോയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനമായിരിക്കാം റഷ്യ- ഉക്രൈന്‍ യുദ്ധത്തിലേക്ക് നയിച്ചതെന്നും ജെസ്യൂട്ട് മീഡിയ എഡിറ്റര്‍മാരുമായി നടത്തിയ സംഭാഷണത്തില്‍ മാര്‍പ്പാപ്പ പറഞ്ഞതായി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതനും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധവുമുള്ള പാത്രിയാര്‍ക്കീസ് കിറിലുമായി ജൂണില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാര്‍പ്പാപ്പ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലെബനന്‍ സന്ദര്‍ശനത്തിനിടെ ജെറുസലേമില്‍ വെച്ച് പാത്രിയാര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതിയായിരുന്നു ഉപേക്ഷിച്ചത്. ഉക്രൈന്‍- റഷ്യ യുദ്ധസാഹചര്യത്തില്‍ ഇത്തരമൊരു കൂടിക്കാഴ്ച ഒരുപാട് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാര്‍പ്പാപ്പ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്.

Content Highlight: Pope Francis denies resignation rumors, says he hopes to visit Russia and Ukraine this month