| Thursday, 2nd August 2018, 7:20 pm

വധശിക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്; വധശിക്ഷയില്‍ കത്തോലിക്കസഭ നിയമം മാറ്റിയെഴുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: വധശിക്ഷയില്‍ നിലപാട് മാറ്റി കത്തോലിക്ക സഭ. വധശിക്ഷ അസ്വീകാര്യമാണെന്നും അത് ഒരു വ്യക്തിയുടെ അന്തസിനും അലംഘനീയതയ്ക്കുമെതിരായ കടന്നാക്രമണമാണെന്നും പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. സഭയുടെ നിലപാട് മാറ്റം ഔദ്യോഗികമാക്കിക്കൊണ്ട് “കാറ്റെക്കിസം ഓഫ് കത്തോലിക്ക് ചര്‍ച്ച്” ല്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്.

പൊതുനന്മാക്കായി ചില കേസുകളില്‍ വധശിക്ഷ ആവാമെന്നായിരുന്നു കത്തോലിക്ക സഭയുടെ മുന്‍നിലപാട്.

കൊടുംകുറ്റം ചെയ്താലും അന്തസിന് മാറ്റം വരികയില്ലെന്നും ഈ കാലത്ത് നല്ല തടങ്കല്‍ മാര്‍ഗങ്ങളുണ്ടായിരിക്കെ പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിനും കുറ്റവാളിക്ക് പ്രായശ്ചിത്തത്തിനുള്ള അവസരവും നിഷേധിക്കപ്പെടില്ലെന്നും സഭ പറയുന്നു.

ചരിത്രപരമായി വധശിക്ഷയെ അനുകൂലിച്ചുള്ള നിലപാടാണ് കത്തോലിക്ക സഭ സ്വീകരിച്ചിരുന്നത്. എന്നാല്‍ വധശിക്ഷയ്‌ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് നിലപാടെടുത്തിരുന്നു. വധശിക്ഷ മനുഷ്യത്വത്തിന് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം പോപ്പ് പറഞ്ഞിരുന്നു.

വധശിക്ഷയുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടത്തോട് ഏറ്റമുട്ടുന്ന നിലപാടാണ് ഇപ്പോള്‍ സഭ സ്വീകരിച്ചിരിക്കുന്നത്. മയക്ക്മരുന്ന് കച്ചവടക്കാര്‍ക്കും ഭീകരവാദികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ട്രംപ് ഈയടുത്ത് പറഞ്ഞിരുന്നു. അമേരിക്കയില്‍ 2700 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. നിലവില്‍ അമേരിക്കയിലെ എല്ലാ സ്റ്റേറ്റിലും വധശിക്ഷ നിയമവിധേയമാണ്.

We use cookies to give you the best possible experience. Learn more