റോം: സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ ഖുര്‍ആന്‍ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഭവത്തില്‍ തനിക്ക് അമര്‍ഷവും വേദനയും തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് അറബ് ഇമിറേറ്റ്‌സ് പത്രമായ അല്‍ ഇത്തിഹാദിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പവിത്രമായി കരുതുന്ന ഏതൊരു ഗ്രന്ഥത്തെയും അതില്‍ വിശ്വസിക്കുന്നവരെയും ബഹുമാനിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു.
‘സംഭവത്തില്‍ എനിക്കേറെ അമര്‍ഷവും വേദനയും തോന്നി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരിക്കലും മറ്റുള്ളവരെ നിന്ദിക്കുന്നതിനുള്ള മാര്‍ഗമായി കാണരുത്. ഇത് അനുവദിക്കാതിരിക്കുകയും അപലപിക്കുകയും ചെയ്യണം,’ മാര്‍പാപ്പ് പറഞ്ഞു.
അതേസമയം, ഖുര്‍ആന്‍ പകര്‍പ്പുകള്‍ കത്തിച്ച സംഭവത്തില്‍ സാല്‍വന്‍ മോമികക്കെതിരെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കുറ്റം ചുമത്തി. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തിയായിട്ടാണ് മോമിക ഇതിനെ വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ കത്തിക്കുമ്പോള്‍ 200 ഓളം ആളുകള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.
ബലിപെരുന്നാളില്‍ ഇത്തരത്തിലൊരു പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയതില്‍ പള്ളി പ്രതിനിധികള്‍ അതൃപ്തരാണെന്ന് പള്ളി ഡയ്‌റക്ടര്‍ മഹ്‌മൂദ് ഖല്‍ഫി പറഞ്ഞു. ‘പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ പള്ളി ആവശ്യപ്പെട്ടിരുന്നു, നിയമപരമായി അതിന് സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അവരത് ചെയ്തില്ല,’ ഖല്‍ഫി പ്രസ്താവനയില്‍ പറയുന്നു.
പ്രതിഷേധം നിയമപരമാണെന്നും എന്നാല്‍ ഔചിത്യപരമായില്ലെന്നും സ്വീഡിഷ് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പറഞ്ഞു. അനുമതി നല്‍കണമോ വേണ്ടയോ എന്നത് പൊലീസ് തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി രംഗത്ത് വന്നിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ചെറുക്കാന്‍ അന്താരാഷ്ട്രതലത്തില്‍ നിയമം കൊണ്ടുവരാന്‍ ലോക രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഒരു മതവിഭാഗത്തെയും അതിന്റെ വിശുദ്ധ ഗ്രന്ഥത്തെയും അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്നും ഒ.ഐ.സി അറിയിച്ചു.
Content Highlight: Pope francis condemns act of burning quran