ലോകത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളേയും ആഭ്യന്തരകലഹങ്ങളേയും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കൊവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ശനിയാഴ്ചയില്‍ നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ പോപ്പ് പറഞ്ഞു. വിഭജിക്കപ്പെടാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ സമാധാനസംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും മറ്റുള്ളവരോട് ഏറ്റുമുട്ടുന്നത് നിര്‍ത്തി ഒരുമിച്ച് മുന്നോട്ട് പോകാനും ലോകനേതാക്കളോട് മാര്‍പാപ്പ ആവശ്യപ്പെട്ടു.
‘മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും ദൈവം കരുത്ത് നല്‍കട്ടെ. എല്ലാ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ എത്തിക്കണം. മഹാമാരിയുടെ കാലത്ത് അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകളെ ദൈവം ആശ്വസിപ്പിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാനബാല്‍ക്കണിയില്‍ നിന്നും ചത്വരത്തില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് ജനങ്ങളോടാണ് മാര്‍പാപ്പ് സംസാരിച്ചത്. പോപ്പിന്റെ പ്രസംഗം കേള്‍ക്കാന്‍ സെന്റ്പീറ്റേഴ്‌സണ്‍ ചത്വരത്തില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് മാസ്‌കും സാമൂഹികഅകലവും നിര്‍ബന്ധമാക്കിയിരുന്നു.
‘നാം കാണാതെ പോകുന്ന നിരവധി സംഘര്‍ഷങ്ങളും പ്രതിസന്ധികളും വിയോജിപ്പുകളും മാഹാമാരിയുടെ കാലഘട്ടകത്തില്‍ ഉണ്ടാകുന്നുണ്ട്. നിശബ്ദതകള്‍ക്ക് മുകളിലൂടെ വലിയ ദുരന്തങ്ങള്‍ കടന്നുപോയി. നമ്മുടെ സഹോദരീസഹോദരന്മാരുടെ വേദനയോടെയും സങ്കടത്തോടെയുമുള്ള നിലവിളികള്‍ നാം കേട്ടില്ല എന്ന് നടിച്ചു,’ പോപ്പ് പറഞ്ഞു.
സിറിയയിലെയും ഇറാഖിലെയും സംഘര്‍ഷങ്ങള്‍, യെമനിലെ ദുരന്തം, ലെബനനിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ മ്യാന്‍മറിലെ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നത്, ഉക്രൈനിലെ സംഘര്‍ഷങ്ങള്‍, നിരവധി ജനങ്ങളെ രാജ്യം വിടാന്‍ പ്രേരിപ്പിച്ച അഫ്ഗാനിസ്ഥാനിലെ ദുരവസ്ഥ എന്നിവയെല്ലാം പോപ്പ് പരാമര്‍ശിച്ചു. ഇസ്രാഈലും ഫലസ്ഥീനും തമ്മിലുള്ള പ്രശ്‌നങ്ങളും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
സംഭാഷണത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും, ഓരോ മനുഷ്യന്റെയും അവകാശങ്ങളുടെയും, സാംസ്‌കാരിക മൂല്യങ്ങളുടെയും, അംഗീകാരത്തിലൂടെയും, ഐക്യദാര്‍ഢ്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ അമേരിക്കയിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ നിലനില്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘കുടിയേറ്റക്കാരുടെയും കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും ദാരുണമായ സാഹചര്യത്തിന് മുമ്പില്‍ നിസ്സംഗത പുലര്‍ത്തരുതെന്ന്’ ഫ്രാന്‍സിസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ‘സാമൂഹിക ബന്ധങ്ങള്‍ക്കുള്ള നമ്മുടെ കഴിവ് വളരെ പരീക്ഷിക്കപ്പെട്ടിരിക്കുന്നു,’ മാര്‍പ്പാപ്പ പറഞ്ഞു. ‘സ്വാര്‍ത്ഥരാകുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും നിര്‍ത്തുക. ഇത് വ്യക്തിബന്ധങ്ങള്‍ക്ക് മാത്രമല്ല, ലോക വേദിയിലും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.