|

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക; അത് മാത്രമാണ് പരിഹാരം: ഫ്രാന്‍സിന് മാര്‍പ്പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ : യുദ്ധത്തില്‍ വിജയികളില്ലെന്നും ഇസ്രഈലികളും ഫലസ്തീനികളും സമധാനമുള്ള അയല്‍ക്കാരായി ജീവിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബുധനാഴ്ച ഇറ്റാലിയന്‍ ബ്രോഡ്കാസ്റ്റര്‍ ആര്‍.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം.

‘യുദ്ധത്തില്‍ ഒരടി മറ്റൊന്നിന് പ്രേരണയാകും, ഒന്ന് ശക്തമായാല്‍ മറ്റൊന്ന് അതിലും ശക്തമാകും, അത് അങ്ങനെ തുടരും,’ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍ ഹമാസ് യുദ്ധത്തെ ഉദ്ദരിച്ച് മാര്‍പാപ്പ പറഞ്ഞു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്നതാണ് അക്രമത്തിന് ശാശ്വതമായ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

‘രണ്ട് ജനതയും ഒരുമിച്ച് ജീവിക്കണം. അതിനുള്ള ബുദ്ധിപരമായ പരിഹാരം രണ്ട് ജനത രണ്ട് രാജ്യം എന്നതാണ്. ഓസ്ലാേ ഉടമ്പടി അനുസരിച്ച് രണ്ട് രാജ്യങ്ങളും പ്രത്യേക പദവിയുള്ള ജെറുസലേമും ആവശ്യമാണ്,’ മാര്‍പാപ്പ ആര്‍.എന്‍ . ഐയോട് പറഞ്ഞു.

സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രമെന്ന ലക്ഷ്യത്തിനായി 1990 യു.എസ് മുന്‍കൈയെടുത്ത പദ്ധതിയാണ് ഒസ്ലോ ഉടമ്പടി. എന്നാല്‍ 2000ത്തിലെ രണ്ടാം ഇന്‍തിഫാദ എന്നറിയപ്പെടുന്ന ഫലസ്തീന്‍ പ്രക്ഷോഭത്തോടെ ഇത് തകര്‍ന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇസ്രഈലിനും അതിര്‍ത്തി നിര്‍ണയം, ജെറുസലേമിന്റെ പദവി, ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രഈല്‍ സെറ്റില്‍ മെന്റുകള്‍ എന്നിവയില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

വെടി നിര്‍ത്തലിനുള്ള അഹ്വാനങ്ങള്‍ നിരസിച്ച് ഇസ്രഈല്‍ ഗസയ്ക്ക് മുകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. ഗസയ്ക്ക് മുകളില്‍ കടുത്ത ആക്രമണം തുടരുകയാണ്.

‘എല്ലാ യുദ്ധവും പരാജയമാണ്. യുദ്ധം കൊണ്ടൊന്നും പരിഹരിക്കപ്പെടുന്നില്ല. സമാധാനത്തോടെയുള്ള ചര്‍ച്ചകളിലൂടെ മാത്രമേ എല്ലാം നേടിയെടുക്കാന്‍ ആകൂ,’ മാര്‍പാപ്പ പറഞ്ഞു.

‘ഈ മണിക്കൂര്‍ വളരെ ഇരുണ്ടതാണ്. ഒരാള്‍ക്ക് വ്യക്തമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടാം ലോക യുദ്ധത്തിനുശേഷം യുദ്ധം അവസാനിച്ചിട്ടില്ല. ഇതിന് കാരണം ആയുധ വ്യവസായമാണ്. നിക്ഷേപത്തെ കുറിച്ച് അറിവുള്ള ഒരു വ്യക്തി എന്നോട് പറഞ്ഞു, എറ്റവും വരുമാനമുള്ള വ്യവസായം ആയുധ ഫാക്ടറികളാണന്ന്,’ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

content highlight: Pope Francis calls for two-state solution