|

ഗസയിൽ ഇസ്രഈൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണം, ബന്ദികളെ മോചിപ്പിക്കണം: സമാധാനാഹ്വാനവുമായി മാർപ്പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാൻ സിറ്റി: ഫലസ്തീനികൾക്ക് വേണ്ടി വീണ്ടും ശബ്ദമുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഗസയിൽ ഇസ്രഈൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസയിൽ ഇസ്രഈൽ ബോംബാക്രമണം വീണ്ടും ആരംഭിച്ചതിൽ താൻ ദുഖിതനാണെന്നും ആക്രമണം നിരവധി ജീവനെടുക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുന്നതിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം, ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയുടെ ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം ആശുപത്രി മുറ്റത്ത് എത്തിയിരുന്ന 3000ത്തിലധികം ആളുകളെ അഭിവാദ്യം ചെയ്തു. ന്യുമോണിയ ബാധിതനായ ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14നായിരുന്നു റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗസയിലെയും മറ്റ് സംഘർഷ മേഖലകളിലെയും അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിനായുള്ള തന്റെ ആഹ്വാനം വീണ്ടും ആവർത്തിച്ചു.

‘ഗസയിൽ ഇസ്രഈൽ നടത്തുന്ന കനത്ത ബോംബാക്രമണം പുനരാരംഭിച്ചതിൽ ഞാൻ അതീവ ദുഃഖിതനാണ്. ഇത് നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായി. ആക്രമണങ്ങൾ ഉടനടി നിർത്താനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിർത്തൽ കൈവരിക്കാൻ ചർച്ചകൾ നടത്താനും ഞാൻ ആഹ്വാനം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

ഗസയിലെ ജനങ്ങളുടെ നില ഗുരുതരമാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും അടിയന്തര നടപടികൾ ഉണ്ടാവണമെന്നും കൂട്ടിച്ചേർത്തു.

അതേസമയം, പതിറ്റാണ്ടുകൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനായി അർമേനിയയും അസർബൈജാനും സ്വീകരിച്ച നടപടികൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. ഇത് പ്രതീക്ഷയുടെ അടയാളമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിലേക്ക് ഹമാസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്, അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഇസ്രഈൽ ആക്രമണത്തിൽ 61,709 ഗസ നിവാസികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 47,498 പേരുടെ മരണമായിരുന്നു ആദ്യം സ്ഥിരീകരിച്ചിരുന്നത്‌. വെടിനിർത്തലിനെ തുടർന്ന്‌ നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു.

എന്നാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസയിൽ വീണ്ടും ആക്രമണ പരമ്പര നടത്തുകയാണ് ഇസ്രഈൽ. ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടതായും റഫയിലെ താല്‍ അല്‍ സുല്‍ത്താനിലേക്ക് ഇസ്രഈല്‍ സൈന്യം ഒഴിപ്പിക്കല്‍ ഉത്തരവ് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനയ്ക്കിടെ ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിക്കുകയുണ്ടായി. ഇസ്രഈലും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Pope Francis calls for an end to heavy bombing of Gaza