| Wednesday, 21st October 2020, 9:57 pm

സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് മാര്‍പാപ്പ; ചരിത്രം തിരുത്തി കത്തോലിക്ക സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ വിഷയത്തില്‍ ഇതാദ്യമായാണ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

ഇതാദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എല്‍.ജി.ബി.ടി വ്യക്തികളുടെ വിഷയത്തില്‍ പരസ്യ നിലപാടെടുക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവന്നത്. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ കുടുംബ ബന്ധത്തിനുള്ള അവകാശങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്നില്ല.

മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗേയായ വ്യക്തി പുരോഹിതനാകുന്നതിനോടുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ഇതെല്ലാം വിധിക്കാന്‍ താന്‍ ആരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സെപ്തംബറില്‍ എല്‍.ജി.ബി.ടി കുട്ടികളുടെ രക്ഷിതാക്കളോട് നിങ്ങളുടെ മക്കള്‍ എങ്ങിനെയാണോ അതുപോലെ ദൈവം അവരെ സ്‌നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് പരമ്പരാഗതമായി സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത് വിപ്ലവകരമായ മാറ്റമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pope Francis backs same-sex civil unions

We use cookies to give you the best possible experience. Learn more