വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ അധിക്ഷേപ പരമാര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞയാഴ്ച ഇറ്റാലിയന്‍ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ മാര്‍പാപ്പ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ പുരോഹിതരാകാന്‍ അനുവദിക്കരുതെന്നാണ് കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞിരുന്നത്. ഇറ്റാലിയന്‍ പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സെമിനാരികളും പൗരോഹിത്യ കോളേജുകളും ഇതിനകം തന്നെ സ്വവര്‍ഗാനുരാഗികളുടെ കേന്ദ്രങ്ങളായെന്നാണ് മാര്‍പാപ്പ പറഞ്ഞത്. ഇറ്റാലിയന്‍ ഭാഷയില്‍ ‘ഫാഗോട്ട്‌നെസ്’ എന്ന് അര്‍ത്ഥം വരുന്ന അശ്ലീല പദം ഉപയോഗിച്ചായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.
മാര്‍പാപ്പയുടെ പരാമര്‍ശത്തിനെതിരെ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയില്‍ നിന്ന് ഉള്‍പ്പടെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ നാല് ദിവസത്തെ അസംബ്ലി ആരംഭിച്ചതിന് ശേഷം മെയ് 20നാണ് മാര്‍പാപ്പ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2013ല്‍ മാര്‍പാപ്പയായി ചുമതലയേറ്റപ്പോള്‍ കത്തോലിക്ക സഭ എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന് ഉള്‍പ്പടെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നതായി മാര്‍പാപ്പ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച നിയമങ്ങളെ വിമര്‍ശിച്ച മാര്‍പാപ്പ പുരോഹിതന്‍മാര്‍ക്ക് സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കാമെന്നും പറഞ്ഞിരുന്നു.
Content Highlight: Pope Francis Apologies Over Reported Homophobic Slur