| Saturday, 7th September 2024, 3:08 pm

വിശ്വാസം ഏതുമായിക്കോട്ടെ, നാമെല്ലാവരും സഹോരങ്ങളാണ്; ദൈവത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുന്നവർ: മാർപാപ്പ

രാഗേന്ദു. പി.ആര്‍

‘വിശ്വാസങ്ങളാല്‍ വ്യത്യസ്തരാണെങ്കിലും നാമെല്ലാവരും സഹോദരങ്ങളാണ്. ലോകത്തെ തീര്‍ത്ഥാടകരെല്ലാം ദൈവത്തിന്റെ പാതയിലേക്കാണ് സഞ്ചരിക്കുന്നത്’

മതത്തെ മുന്‍നിര്‍ത്തി സംഘര്‍ഷത്തെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതികരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിവ. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ കൂടിയാണെങ്കിലും നാം എല്ലാവരും സഹോദരങ്ങളാണെന്നാണ് മാര്‍പാപ്പ പറഞ്ഞത്.

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജക്കാര്‍ത്തയിലെ ഇസ്തിഖ്ലാല്‍ പള്ളിയുടെ ഗ്രാന്‍ഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. നിലവില്‍ മാനവികത നേരിടുന്ന വലിയ വെല്ലുവിളികള്‍ എന്നത് യുദ്ധവും സംഘര്‍ഷവും പരിസ്ഥിതി നാശവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി ഭരണകൂടം അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ചൊവ്വാഴ്ചയാണ് ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള മാര്‍പാപ്പയുടെ 11 ദിവസത്തെ സന്ദര്‍ശനം ആരംഭിച്ചത്. ഇസ്തിഖ്ലാല്‍ പള്ളിയുടെ സമീപത്തുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റര്‍ നീളമുള്ള തുരങ്കവും മാര്‍പാപ്പ ഇതിനിടെ സന്ദര്‍ശിച്ചു. പള്ളിയുടെ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറുമായി സൗഹൃദ തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ ചേര്‍ന്നുനിന്ന മാര്‍പാപ്പ, വ്യത്യസ്തരായ മതവിശ്വാസികള്‍ക്ക് എങ്ങനെ ഒരുമിച്ച് വേരുകള്‍ പങ്കിടാം എന്നതിന്റെ അടയാളമാണിതെന്നും പറയുകയുണ്ടായി.

മതസൗഹാര്‍ദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനങ്ങളില്‍ ഗ്രാന്‍ഡ് ഇമാമുമായി ഒപ്പുവെച്ച മാര്‍പാപ്പ, ഇന്തോനേഷ്യയിലെ ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയില്‍ സംസാരിക്കുന്നിതിനിടെയാണ് ലോകത്തെ എല്ലാ തീര്‍ത്ഥാടകരും ദൈവത്തിലേക്കുള്ള പാതയിലാണെന്ന് മാര്‍പ്പാപ്പ പറഞ്ഞത്. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഇന്തോനേഷ്യ ജനത ജീവിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കുകയുണ്ടായി.

സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ സ്ഥാനമൊഴിയുന്ന ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിദോദോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഗോള തലത്തിലെ പ്രതിസന്ധികളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയത്. ഇതിനുമുമ്പും ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലും മറ്റും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഗസയിലെ യുദ്ധം ഉടനെ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും മുഴുവന്‍ ഇസ്രഈലി ബന്ദികളെയും മോചിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഫലസ്തീനികള്‍ക്ക് മാനുഷിക സഹായമെത്തിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുകയുമുണ്ടായി.

‘യുദ്ധം എപ്പോഴും പരാജയമാണ്. പുഞ്ചിരിക്കാന്‍ മറന്ന യുദ്ധഭൂമിയിലെ കുട്ടികളുടെ കണ്ണുകളില്‍ കഷ്ടപാടുകളാണ് കാണുന്നത്. ഈ മരണങ്ങളും നാശവും എന്തിനുവേണ്ടിയാണ്,’ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നവരോടും ലോകരാഷ്ട്രങ്ങളോടും മാര്‍പാപ്പ ചോദിച്ച മറ്റൊരു ചോദ്യം കൂടിയായിരുന്നു ഇത്.

രണ്ടാം ലോക യുദ്ധത്തിനുശേഷവും യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇതിന് കാരണം ആയുധ വ്യവസായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് ആയുധ ഫാക്ടറികളില്‍ നിന്നാണെന്ന് നിക്ഷേപത്തെ കുറിച്ച് അറിവുള്ള ഒരു വ്യക്തി തന്നോട് പണ്ടൊരിക്കന്‍ പറഞ്ഞതായും മാര്‍പാപ്പ പറഞ്ഞിരുന്നു.

ഇറ്റാലിയന്‍ ബ്രോഡ്കാസ്റ്ററായ ആര്‍.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, യുദ്ധത്തില്‍ വിജയികളില്ലെന്നും ഇസ്രഈലികളും ഫലസ്തീനികളും സമാധാനമുള്ള അയല്‍ക്കാരായി ജീവിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്നതാണ് അക്രമത്തിന് ശാശ്വതമായ പരിഹാരമെന്നും അദ്ദേഹം ഈ ലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു.

‘യുദ്ധത്തില്‍ ഒരടി മറ്റൊന്നിന് പ്രേരണയാകും, ഒന്ന് ശക്തമായാല്‍ മറ്റൊന്ന് അതിലും ശക്തമാകും, അത് അങ്ങനെ തുടരും,’ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ ഉദ്ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടിയ വാക്കുകളാണിവ.

Content Highlight: Pope Francis against trying to inflame conflict on the basis of religion

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.