സാന്റിയാഗോ: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് കൂട്ടുനിന്നെന്ന ആരോപണം നേരിട്ട ചിലിയിലെ മൂന്ന് ബിഷപ്പുമാരുടെ രാജി പോപ് ഫ്രാന്‍സിസ് സ്വീകരിച്ചു.
ലൈംഗികാതിക്രമത്തെ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ചിലിയിലെ ബിഷപ്പുമാര്‍ക്കെതിരെ ഉയര്‍ന്നത് കത്തോലിക്കാ സഭയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞമാസം ചിലിയിലെ 34 ബിഷപ്പുമാരുമായി പോപ്പ് യോഗം ചേരുകയും യോഗത്തില്‍ ഇവരെല്ലാം രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
ഇത്രയേറെ ബിഷപ്പുകള്‍ ഒരുമിച്ച് രാജിവെക്കുന്ന സാഹചര്യം രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ് ഉണ്ടായത്.
ഒസോര്‍ണോയിലെ ജോണ്‍ ബാറസ്, പ്യൂര്‍ട്ടോ മോണ്‍ട്ടിലെ ബിഷപ്പ് ക്രിസ്ത്യന്‍ കാറോ കോര്‍ഡറോ, വാഛള്‍പറൈസോ ബിഷപ്പ് ഡ്യൂട്ടേര്‍ട്ട് ഗാര്‍സിയ ഡി കോര്‍ടസര്‍ എന്നിവരുടെ രാജിയാണ് പോപ്പ് സ്വീകരിച്ചത്. ബാറസ് ഒഴികെ മറ്റു രണ്ടുപേരും വിരമിക്കല്‍ കാലാവധിയിലെത്തിയവരാണ്.
പ്രദേശവാസികളുടെയും ചില ചിലി ബിഷപ്പുമാരുടെയും എതിര്‍പ്പ് മറികടന്ന് 2015ല്‍ ഒസോര്‍ണോ ബിഷപ്പായി പോപ്പ് നിയമിച്ചതു മുതല്‍ ബാലപീഡന ആരോപണത്തിന്റെ കേന്ദ്രമായിരുന്നു ബാറസ്.
പീഡോഫീലായ ചിലിയന്‍ പുരോഹിതന്‍ ഫെര്‍ണാഡോ കറഡിമയുടെ അടുത്തയാളായ ബാറസ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കുനേരെ കണ്ണടച്ചെന്നും ഇരകള്‍ ആരോപിച്ചിരുന്നു.