വേദനയുണ്ട്; ഹാഗിയ സോഫിയ മസ്ജിദാക്കിയതില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
World News
വേദനയുണ്ട്; ഹാഗിയ സോഫിയ മസ്ജിദാക്കിയതില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2020, 6:20 pm

തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയതില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. തുര്‍ക്കിയുടെ നീക്കം  വേദനിപ്പിച്ചെന്നാണ് മാര്‍പാപ്പയുടെ പ്രതികരണം.
‘ എന്റെ  ചിന്തകള്‍ ഇസ്താബൂളിലേക്ക് പോവുന്നു. സാന്താ സോഫിയയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. എനിക്ക് വളരെ വേദനയുണ്ട്,’ സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ നടന്ന പ്രതിവാര അനുഗ്രഹവേളയില്‍ അദ്ദേഹം പറഞ്ഞു.

ഹാഗിയ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളിയാക്കിയതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം.
ജൂലൈ 24 ന് ഹാഗിയ സോഫിയയില്‍ ആദ്യത്തെ പ്രാര്‍ത്ഥന നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിബ് എര്‍ദൊഗാന്‍ പറഞ്ഞു. വെള്ളിയാഴ്ച ആണ്  ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ പ്രഖ്യാപനം നടത്തിയത്.

ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റിയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം.
1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനാലയമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ആരാധനാലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ